കൊച്ചി: ക്ഷേമവും സുരക്ഷയും അടിസ്‌ഥാനമാക്കിയുള്ള സുസ്‌ഥിര വികസനമാണ് നാം ലക്ഷ്യംവെയ്‌ക്കേണ്ടതെന്ന് ലോക്‌നാഥ് ബെഹ്റ. അതിജീവനത്തിന് സുസ്‌ഥിര വികസനം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ജെയിൻ യൂണിവേഴ്‌സിറ്റി ആതിഥേയത്വം വഹിക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചറിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ബെഹ്‌റ.
കേരളത്തിലെ മെട്രോ- വാട്ടർ മെട്രോ ഗതാഗത സംവിധാനം സുസ്‌ഥിര ഗതാഗത സംവിധാനത്തിന് ഉദാഹരണമാണ്. കൊച്ചിയിലേക്ക് കൂടുതൽ സൗകര്യങ്ങൾ കൊണ്ടുവരാൻ ശ്രമിക്കുകയാണ്. വാട്ടർ മെട്രോ കേരളത്തിൽ വിജയിച്ചതോടെ ഗുജറാത്ത് അടക്കമുള്ള 18 സംസ്‌ഥാനങ്ങളിൽ ഈ മോഡൽ നടപ്പാക്കാൻ കേന്ദ്രസർക്കാർ ആവശ്യപ്പെട്ടതായും ബെഹ്‌റ പറഞ്ഞു.
ഉഷ്‌ണതരംഗം, വരൾച്ച, വെള്ളപ്പൊക്കം തുടങ്ങി നിരവധി പാരിസ്‌ഥിതിക പ്രത്യാഘാതങ്ങളാണ് ഇന്ന് ലോകം അനുഭവിക്കുന്നതെന്ന് ഇന്ത്യയുടെ ജോൺ ഭൗമ ശാസ്‍ത്ര മന്ത്രാലയത്തിലെ ശാസ്‌ത്രജ്‌ഞയായ ഡോ. ശിഖ എലിസബത്ത് ചർച്ചയിൽ പങ്കെടുത്ത് പറഞ്ഞു. പരിസ്‌ഥിതി നാശം നടക്കുന്നത് ആഗോളതലത്തിലാണെങ്കിലും പ്രാദേശികമായി പ്രത്യാഘാതം ഉണ്ടാകുമെന്നും അവർ അഭിപ്രായപ്പെട്ടു. ഓരോ മഴക്കാലത്തും നാം പേടിയോടെയാണ് കഴിയുന്നത്. എന്നാൽ, പത്തുവർഷങ്ങൾക്ക് മുൻപ് അങ്ങനെയായിരുന്നില്ലെന്നും അവർ ചൂണ്ടിക്കാട്ടി.
ചർച്ചയിൽ പങ്കെടുത്ത ജെയിൻ സർവകലാശാല ഉപദേശക സമിതി അംഗം ഡോ. കൃഷ്‌ണൻ എൻവിഎച്ച്, ചില കമ്പനികൾ കാർബൺ ന്യൂട്രാലിറ്റി ലക്ഷ്യമാക്കി പ്രവർത്തിക്കാൻ തുടങ്ങിയിട്ടുണ്ടെന്നും ആപ്പിൾ 2025ൽ കാർബൺ ന്യൂട്രൽ ആകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെന്നും വ്യക്‌തമാക്കി. മറ്റൊരു സമിതി അംഗമായ ശ്രീധരൻ മൂർത്തി, അറിവിന്റെ ജനാധിപത്യവൽക്കരണം നടക്കേണ്ടതുണ്ടെന്നും എഐ അടക്കമുള്ള സാങ്കേതികവിദ്യകൾ കാലാവസ്‌ഥാ പഠനത്തിന് ഉപയോഗിക്കണമെന്നും അഭിപ്രായപ്പെട്ടു.
Most Read| 124ആം വയസിലും 16ന്റെ ചുറുചുറുക്കിൽ ക്യൂ ചൈഷി മുത്തശ്ശി