തിരുവനന്തപുരം: ബാലരാമപുരത്ത് കാണാതായ രണ്ടുവയസുകാരിയുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തി. കൊട്ടുകാൽക്കോണം സ്വദേശികളായ ശ്രീജിത്ത്- ശ്രീതു ദമ്പതികളുടെ മകൾ ദേവേന്ദു (രണ്ടര) ആണ് മരിച്ചത്. ഇന്നലെ രാത്രി മാതാപിതാക്കൾക്കൊപ്പം ഉറങ്ങാൻ കിടന്ന കുട്ടിയെ ഇന്ന് രാവിലെയാണ് കാണാനില്ലെന്ന് മനസിലാക്കുന്നത്.
കുടുംബത്തിന്റെ നേതൃത്വത്തിൽ തിരച്ചിൽ ആരഭിച്ചപ്പോഴാണ് കുട്ടിയുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തിയത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് സ്‌ഥലത്തെത്തിയ എം വിൻസെന്റ് എംഎൽഎ പറഞ്ഞു. കുട്ടിയെ മരിച്ച നിലയിലാണ് കണ്ടെത്തിയതെന്നും തനിയെ കുട്ടി അവിടെ പോയി കിണറ്റിലേക്ക് വീഴാനുള്ള സാധ്യതയില്ലെന്നുമാണ് എംഎൽഎ പറയുന്നത്. ബാലരാമപുരം പോലീസ് അന്വേഷണം നടത്തുകയാണ്.
പുലർച്ചെ 5.15 ഓടെയാണ് കുട്ടിയെ കാണാതായതായി പരാതി ഉയർന്നത്. അച്ഛനും അമ്മയ്‌ക്കുമൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ കാണാതായി എന്നായിരുന്നു പരാതി. തുടർന്ന് പോലീസെത്തി തിരച്ചിൽ നടത്തിയപ്പോഴാണ് എട്ടുമണിയോടെ കുട്ടിയുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തുന്നത്. സംഭവത്തിൽ മാതാപിതാക്കളെയും ബന്ധുക്കളെയും പോലീസ് ചോദ്യം ചെയ്‌തിരുന്നു.
കുട്ടിയുടെ അച്ഛൻ, അമ്മ, അമ്മയുടെ സഹോദരൻ എന്നിവരെ പോലീസ് കസ്‌റ്റഡിയിൽ എടുത്തിരിക്കുകയാണ്. അമ്മയുടെ സഹോദരൻ മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്ന് പോലീസ് പറയുന്നു. ബന്ധുക്കളെ മുൻനിർത്തിയാണ് അന്വേഷണം. പുറത്തുനിന്ന് ആരുടെയും ഇടപെടലില്ല. ബന്ധുക്കൾ തമ്മിൽ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു എന്നാണ് വിവരം. ഈ വീട്ടിൽ ചെറിയൊരു തീപിടിത്തം ഉണ്ടായിരുന്നു.
കുഞ്ഞിനെ കാണാനില്ലെന്ന വാർത്ത വന്നതോടെ വിൻസെന്റ് എംഎൽഎ ഉൾപ്പടെയുള്ളവർ സ്‌ഥലത്ത് എത്തിയിരുന്നു. അപ്പോൾ മണ്ണെണ്ണയുടെ മണം അവിടെയുണ്ടായിരുന്നുവെന്നും വെള്ളം ഉപയോഗിച്ച് തീയണച്ചിരുന്നുവെന്നുമാണ് വിവരം. ചുറ്റുമതിലുള്ള കിണറ്റിൽ മുട്ടിൽ നീന്തിയോ മറ്റോ ആ കുട്ടി തനിയെ വീഴാൻ സാധ്യതയില്ലെന്ന് എംഎൽഎയുൾപ്പടെയുള്ളവർ പറഞ്ഞു.
Most Read| കോടികളുടെ ആസ്‌തി; താമസം സ്‌റ്റോർ റൂമിന് സമാനമായ വീട്ടിൽ, സഞ്ചാരം സൈക്കിളിൽ








































