തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടരവയസുകാരിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തിൽ കുട്ടിയുടെ അമ്മയുടെ സഹോദരൻ ഹരികുമാർ അറസ്‌റ്റിൽ. ഇന്ന് പുലർച്ചെ ആറുമണിയോടെ ഉറങ്ങിക്കിടന്ന കുഞ്ഞിനെ എടുത്ത് കിണറ്റിലിട്ട് കൊലപ്പെടുത്തുകയായിരുന്നുവെന്ന് നെയ്യാറ്റിൻകര ഡിവൈഎസ്‌പി എസ് ഷാജി പറഞ്ഞു.
പ്രതി ഹരികുമാറിനെ വൈദ്യപരിശോധനയ്‌ക്ക് ശേഷം നാളെ കോടതിയിൽ ഹാജരാക്കും. ഹരികുമാറിന് നിരവധി സ്‌ത്രീകളുമായി ബന്ധമുണ്ടെന്നും അതിന്റെ പേരിൽ കുടുംബത്തിൽ പ്രശ്‌നം ഉണ്ടായിരുന്നുവെന്നുമാണ് പോലീസ് പറയുന്നത്. ഹരികുമാറിന് സഹോദരിയോടുള്ള വൈരാഗ്യമാണ് കുഞ്ഞിന്റെ ജീവനെടുക്കാനുള്ള കാരണമെന്നാണ് സൂചന.
ഹരികുമാർ ആവശ്യപ്പെട്ട കാര്യങ്ങൾ ശ്രീതു ചെയ്‌തുകൊടുക്കാതിരുന്നതാണ് വൈരാഗ്യത്തിന് കാരണം. ഇവർ തമ്മിലുള്ള വാട്‌സ് ആപ് ചാറ്റുകൾ ഉൾപ്പടെ പോലീസ് പരിശോധിച്ചു. അതേസമയം, കൊലപാതകത്തിൽ ശ്രീതുവിന്റെ പങ്കിന് തെളിവില്ല. എങ്കിലും മൊഴികളിൽ വൈരുധ്യമുണ്ട്. ഇതുസംബന്ധിച്ച് പോലീസ് കൂടുതൽ അന്വേഷിക്കും. ചോദ്യം ചെയ്യലിന് ശേഷം ശ്രീതുവിനെ തൽക്കാലത്തേക്ക് വിട്ടയക്കാനാണ് തീരുമാനമെന്നും ഡിവൈഎസ്‌പി പറഞ്ഞു.
കുട്ടി മുങ്ങി മരിച്ചതാണെന്ന പോസ്‌റ്റുമോർട്ടം റിപ്പോർട് പുറത്തുവന്നിരുന്നു. ഇതോടെയാണ്, കുട്ടിയെ കിണറ്റിലെറിഞ്ഞ് കൊന്നതാണെന്നുള്ള നിഗമനത്തിൽ പോലീസ് എത്തിയത്. കൊട്ടുകാൽക്കോണം സ്വദേശികളായ ശ്രീജിത്ത്- ശ്രീതു ദമ്പതികളുടെ മകൾ ദേവേന്ദു (രണ്ടര) ആണ് മരിച്ചത്. ഇന്നലെ രാത്രി മാതാപിതാക്കൾക്കൊപ്പം ഉറങ്ങാൻ കിടന്ന കുട്ടിയെ ഇന്ന് രാവിലെ 5.15നാണ് കാണാനില്ലെന്ന് മനസിലാക്കുന്നത്. കുടുംബത്തിന്റെ നേതൃത്വത്തിൽ തിരച്ചിൽ ആരംഭിച്ചപ്പോഴാണ് എട്ടുമണിയോടെ കുട്ടിയുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തിയത്.
Most Read| ഇതൊരു ഒന്നൊന്നര ചൂര തന്നെ, ജപ്പാനിൽ വിറ്റത് റെക്കോർഡ് രൂപയ്‌ക്ക്








































