ന്യൂഡെൽഹി: പാർലമെന്റിൽ ബജറ്റ് സമ്മേളനം ഇന്നുമുതൽ ആരംഭിക്കും. രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് ഇരുസഭകകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യും. രാഷ്ട്രപതിയുടെ പ്രസംഗത്തിന് ശേഷം സാമ്പത്തിക സർവേ അവതരിപ്പിക്കും. നാളെ ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിക്കും.
മൂന്നാം മോദി സർക്കാരിന്റെ രണ്ടാമത്തെ ബജറ്റ് അവതരണമാണ് നാളെ നടക്കുക. ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടം ഫെബ്രുവരി 13 വരെയാണ്. രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയാകും പ്രധാനമായും ഈ ഘട്ടത്തിലുണ്ടാവുക. രണ്ടാംഘട്ടം മാർച്ച് പത്തിന് തുടങ്ങി ഏപ്രിൽ നാലുവരെയാണ്.
സമ്മേളനത്തിന് മുന്നോടിയായി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ ഇന്നലെ സർവകക്ഷി യോഗം ചേർന്നു. 36 പാർട്ടികളിൽ നിന്നുള്ള പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു. ബജറ്റ് സമ്മേളനം സുഗമമായി നടത്താൻ എല്ലാ പാർട്ടികളുടെയും പിന്തുണ അദ്ദേഹം തേടി.
അതേസമയം, പ്രയാഗ്രാജിലെ കുംഭമേളയിലെ അപകടത്തിൽ 30 പേർ മരിച്ച സംഭവം സമ്മേളനത്തിൽ ഉയർത്താനുള്ള തീരുമാനത്തിലാണ് കോൺഗ്രസ് ഉൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികൾ. വൈസ് ചാൻസർലർമാർക്ക് കൂടുതൽ അധികാരം നൽകുന്ന യുജിസി കരട് മാർഗരേഖ, രാജ്യത്തെ സാമ്പത്തിക വളർച്ചാ വിഷയങ്ങളുമെല്ലാം സഭയിൽ ചർച്ചയാകും.
സംയുക്ത പാര്ലമെന്ററിൽ സമിതി (ജെപിസി) അംഗീകരിച്ച വഖഫ് ഭേദഗതി ബിൽ പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിൽ ചർച്ച ചെയ്യും. ബില്ലിൽ വരുത്തേണ്ട മാറ്റങ്ങൾ സംബന്ധിച്ച റിപ്പോർട് ഇന്നലെ സ്പീക്കർക്ക് കൈമാറിയിരുന്നു. ഏറെ പ്രധാനപ്പെട്ട ഇമിഗ്രേഷൻ ആൻഡ് ഫോറീനേഴ്സ് ബില്ലും ബജറ്റ് സമ്മേളനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അനധികൃത കുടിയേറ്റം തടയാനുള്ള നിർദ്ദേശങ്ങളാണ് ബില്ലിൽ എന്നാണ് സൂചന.
Most Read| ചരിത്രത്തിൽ ആദ്യമായി നാസയുടെ തലപ്പത്ത് വനിത; ആരാണ് ജാനറ്റ് പെട്രോ?