തിരുവനന്തപുരം: മന്ത്രിമാറ്റ ചർച്ചകൾക്കിടെ, എൻസിപി സംസ്‌ഥാന അധ്യക്ഷ പദവി രാജിവെച്ച് പിസി ചാക്കോ. ദേശീയ അധ്യക്ഷൻ ശരത് പവാറിന് പിസി ചാക്കോ രാജിക്കത്ത് കൈമാറിയെന്നാണ് റിപ്പോർട്. പാർട്ടിയുടെ ദേശീയ വർക്കിങ് പ്രസിഡണ്ട് കൂടിയാണ് ചാക്കോ. ഈ സ്‌ഥാനത്ത് തുടരും.
എകെ ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കാൻ നടന്ന നീക്കങ്ങൾ മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടർന്ന് നടക്കാതെ പോയതിന് പിന്നാലെയാണ് അധ്യക്ഷ പദവി ഉപേക്ഷിക്കാനുള്ള പിസി ചാക്കോയുടെ നീക്കം. ഇതിനിടെ, ശശീന്ദ്രനും തോമസ് കെ തോമസും തമ്മിൽ കൈകോർത്തതോടെയാണ് പിസി ചാക്കോയ്‌ക്ക് രാജിവയ്‌ക്കേണ്ടി വന്നതെന്നും സൂചനയുണ്ട്.
അതേസമയം, തോമസ് കെ തോമസ് സംസ്‌ഥാന അധ്യക്ഷൻ ആകണമെന്ന് ശശീന്ദ്രൻ വിഭാഗം ആവശ്യപ്പെടും. പിസി ചാക്കോ അധ്യക്ഷ സ്‌ഥാനത്ത് എത്തിയത് മുതലാണ് പാർട്ടിയിൽ പ്രശ്‌നങ്ങളും വിഭാഗീയതയും രൂക്ഷമായതെന്നാണ് എതിർപക്ഷം ഉയർത്തിയിരുന്ന ആരോപണം. തോമസും പിസി ചാക്കോയും ചേർന്നാണ് ശശീന്ദ്രനെ മന്ത്രി സ്‌ഥാനത്ത് നിന്ന് പുറത്താക്കാനുള്ള നീക്കങ്ങൾ നടത്തിയത്.
ഇതിനിടെ, കൂടുമാറ്റത്തിന് ഇടത് എംഎൽഎമാർക്ക് കോടികൾ വാഗ്‌ദാനം ചെയ്‌തെന്ന ആരോപണം തോമസിനെതിരെ ഉയർന്നു. ഇതേത്തുടർന്ന് മുഖ്യമന്ത്രി കടുത്ത നിലപാട് സ്വീകരിച്ചതോടെ മന്ത്രിസ്‌ഥാനം ലഭിക്കില്ലെന്ന് തോമസിന് ഏറെക്കുറെ ഉറപ്പായി. ശരത് പവാറിന്റെ പിന്തുണ ഉണ്ടായിട്ടും തനിക്ക് മന്ത്രിസ്‌ഥാനം നേടിയെടുക്കാൻ പിസി ചാക്കോയ്‌ക്ക് കഴിയാതിരുന്നതോടെ ശശീന്ദ്രനൊപ്പം നിൽക്കുന്നതാണ് നേട്ടമെന്ന് തോമസ് വിഭാഗവും തിരിച്ചറിഞ്ഞു.
ശശീന്ദ്രൻ മന്ത്രിസ്‌ഥാനം ഉറപ്പിച്ചതോടെ മറുഭാഗത്ത് നിന്ന പല ജില്ലാ ഭാരവാഹികളും ശശീന്ദ്രൻ പക്ഷത്തേക്ക് മാറിയിരുന്നു. രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ എത്തിയപ്പോൾ തന്നെ ശശീന്ദ്രന് പകരം, തന്നെ മന്ത്രിയാക്കണമെന്ന ആവശ്യവുമായി തോമസ് കെ തോമസ് പാർട്ടിയിൽ കലാപം തുടങ്ങിയിരുന്നു.
Most Read| ഇതൊരു ഒന്നൊന്നര ചൂര തന്നെ, ജപ്പാനിൽ വിറ്റത് റെക്കോർഡ് രൂപയ്‌ക്ക്