കോഴിക്കോട്: നഗരാതിർത്തിയിൽ എടിഎം കവർച്ചാ ശ്രമത്തിനിടെ ഒരാൾ പിടിയിൽ. മലപ്പുറം സ്വദേശി വിജേഷാണ് (38) ചേവായൂർ പോലീസിന്റെ പിടിയിലായത്. ഇന്ന് പുലർച്ചെ 2.30ന് പോലീസ് പട്രോളിങ്ങിനിടെയാണ് സംഭവം.
പറമ്പിൽ കടവിലെ ധനകാര്യ സ്‌ഥാപനത്തിന്റെ എടിഎം ഷട്ടർ താഴ്‌ത്തിയ നിലയിലായിരുന്നു. ഉള്ളിൽ വെളിച്ചവും ആളനക്കവും ശ്രദ്ധയിൽപെട്ടപ്പോഴാണ് പോലീസ് സംഘം പരിശോധിച്ചത്. എടിഎമ്മിന് പുറത്ത് ഗ്യാസ് കട്ടറും കണ്ടതോടെ പോലീസ് ഷട്ടർ തുറക്കാൻ ശ്രമിച്ചു. അപ്പോൾ അകത്തുണ്ടായിരുന്ന യുവാവ് ഭീഷണിപ്പെടുത്തി.
ഇതോടെ, സീനിയർ പോലീസ് ഉദ്യോഗസ്‌ഥൻ എം മുക്‌തിദാസ്, സിപിഒ എ അനീഷ്, ഡ്രൈവർ എം സിദ്ദിഖ് എന്നിവർ യുവാവിനെ ബലം പ്രയോഗിച്ചു പിടികൂടുകയായിരുന്നു. ഇൻസ്‌പെക്‌ടർ സജിത്തിന്റെ നേതൃത്വത്തിൽ കൂടുതൽ പോലീസെത്തി പ്രതിയെ ചേവായൂർ സ്‌റ്റേഷനിൽ എത്തിച്ചു ചോദ്യം ചെയ്യുകയാണ്.
Most Read| 124ആം വയസിലും 16ന്റെ ചുറുചുറുക്കിൽ ക്യൂ ചൈഷി മുത്തശ്ശി






































