തിരുവനന്തപുരം: ആർഎൽവി രാമകൃഷ്‌ണനെതിരെ അധിക്ഷേപ പരാമർശം നടത്തിയതുമായി ബന്ധപ്പെട്ട കേസിൽ കലാമണ്ഡലം സത്യഭാമയ്‌ക്കെതിരെ പോലീസ് കുറ്റപത്രം. യുട്യൂബ് ചാനലിലെ വിവാദമായ അഭിമുഖത്തിൽ രാമകൃഷ്‌ണനെ തന്നെയാണ് സത്യഭാമ അധിക്ഷേപിച്ചതെന്നും പട്ടികജാതിക്കാരനാണ് എന്ന ബോധ്യത്തോടെയാണ് സംസാരിച്ചതെന്നും കുറ്റപത്രത്തിൽ പറയുന്നു.
സംഭവത്തിൽ വ്യാപകമായി വിമർശനങ്ങൾ ഉയർന്നിട്ടും മാപ്പ് പറയാനോ തിരുത്താനോ സത്യഭാമ തയ്യാറായില്ലെന്നും പോലീസ് കുറ്റപത്രത്തിൽ പറയുന്നു. അഭിമുഖം സംപ്രേഷണം ചെയ്‌ത യുട്യൂബ് ചാനൽ ഉടമ സുമേഷ് മാർക്കോപോളോയും കേസിൽ പ്രതിയാണ്. താൻ ഉദ്ദേശിച്ചത് രാമകൃഷ്‌ണനെ അല്ലെന്ന സത്യഭാമയുടെ വാദം തെറ്റെന്ന് തെളിയിക്കുകയായിരുന്നു പോലീസിന് മുന്നിലെ പ്രധാന വെല്ലുവിളി.
അഭിമുഖത്തിൽ സത്യഭാമ നൽകുന്ന സൂചനകൾ വിശദമായി അന്വേഷിച്ച്, ബന്ധപ്പെട്ട സാക്ഷികളുടെ മൊഴികളും ശേഖരിച്ചാണ് സത്യഭാമയുടെ പരാമർശങ്ങൾ രാമകൃഷ്‌ണനെ തന്നെയാണ് ഉദ്ദേശിച്ചതെന്ന് പോലീസ് ഉറപ്പിച്ചത്. ചാലക്കുടിക്കാരൻ നർത്തകന് കാക്കയുടെ നിറമെന്നായിരുന്നു പരാമർശം. രാമകൃഷ്‌ണനോട് സത്യഭാമക്ക് മുൻവൈരാഗ്യം ഉണ്ടായിരുന്നുവെന്നും പോലീസ് കണ്ടെത്തി.
വ്യക്‌തി വിരോധത്തെ കുറിച്ച് സത്യഭാമയുടെ ശിഷ്യർ നൽകിയ മൊഴികളും കേസിൽ നിർണായകമായി. അഭിമുഖം സംപ്രേഷണം ചെയ്‌ത യുട്യൂബ് ചാനലിന്റെ ഹാർഡ് ഡിസ്‌കും അഭിമുഖം അടങ്ങിയ പെൻഡ്രൈവും കന്റോൺമെന്റ് പോലീസ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. കുറ്റം തെളിഞ്ഞാൽ സത്യഭാമക്ക് പരമാവധി അഞ്ചുവർഷം വരെ തടവ് ശിക്ഷ ലഭിക്കും.
പുരുഷൻമാർ മോഹിനിയാട്ടം കളിക്കുന്നത് അരോചകമാണെന്നും ഇയാൾക്ക് കാക്കയുടെ നിറമാണെന്നും ആയിരുന്നു സത്യഭാമയുടെ വാക്കുകൾ. ഇതോടെ, ആർഎൽവി രാമകൃഷ്‌ണന് പിന്തുണയുമായി നിരവധിപ്പേർ രംഗത്തെത്തി. സത്യഭാമക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുക്കുകയും, കലാമണ്ഡലം തന്നെ സത്യഭാമയുടെ വാക്കുകളെ തള്ളിപ്പറയുകയും ചെയ്‌തിരുന്നു.
Most Read| ട്രാൻസ്‌ജെൻഡറുകളെ സൈന്യത്തിൽ ചേരാൻ അനുവദിക്കില്ല; ഔദ്യോഗിക പ്രഖ്യാപനം