ന്യൂഡെൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ തീരുമാനിക്കാനുള്ള യോഗത്തിൽ വിയോജനക്കുറിപ്പുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സുപ്രീം കോടതി നിലപാട് അറിഞ്ഞശേഷം മാത്രമേ പുതിയ തിരഞ്ഞെടുപ്പ് കമീഷണറുടെ കാര്യത്തിൽ തീരുമാനമെടുക്കാവൂ എന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
ചൊവ്വാഴ്‌ച വിരമിക്കാനിരിക്കുന്ന രാജീവ് കുമാറിന്റെ പിൻഗാമിയെ കണ്ടെത്തുന്നതിനായി പ്രധാനമന്ത്രിയും കേന്ദ്ര നിയമമന്ത്രിയും വിളിച്ചുചേർത്ത യോഗത്തിൽ പങ്കെടുത്താണ് രാഹുൽ ഗാന്ധി കോൺഗ്രസിന്റെ വിയോജിപ്പ് അറിയിച്ചത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ തിരഞ്ഞെടുക്കുന്നതിൽ നിന്ന് സുപ്രീം കോടതി ചീഫ് ജസ്‌റ്റിസിനെ ഒഴിവാക്കിയതിനെതിരെയുള്ള പൊതുതാൽപര്യ ഹരജി മറ്റന്നാളാണ് സുപ്രീംകോടതി പരിഗണിക്കുന്നത്.
രാജീവ് കുമാറിന് ശേഷം ഏറ്റവും മുതിർന്ന തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ആണ്. അദ്ദേഹത്തിന്റെ പേരിനാണ് കേന്ദ്ര സർക്കാർ മുൻഗണന നൽകുന്നത്. രാജീവ് കുമാറിന്റെ വിരമിക്കൽ മൂലമുണ്ടാകുന്ന ഒഴിവിലേക്ക് നിയമനം നടത്തുന്നത് കൂടാതെ പുതിയ ഒരു തിരഞ്ഞെടുപ്പ് കമ്മീഷണറെ കൂടി നിയമിക്കേണ്ടതുണ്ട്.
ഈ വർഷം അവസാനം നടക്കാൻ പോകുന്ന ബംഗാൾ, തമിഴ്‌നാട്, കേരളം, അസം എന്നീ സംസ്‌ഥാനങ്ങളുടെ തിരഞ്ഞെടുപ്പിനും നേതൃത്വം നൽകേണ്ടത് പുതുതായി ചുമതലയേൽക്കുന്ന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറാണ്.
Most Read| ചാംപ്യൻസ് ട്രോഫി; കറാച്ചിയിലെ സ്‌റ്റേഡിയത്തിൽ ഇന്ത്യൻ പതാക മാത്രമില്ല- വിവാദം





































