‘പാർട്ടി ഓഫീസിൽ പൊതുദർശനം വേണ്ടെന്ന് കുടുംബം’; മരണശേഷവും രാജുവിനെ പിന്തുടർന്ന് വിവാദം

രാജുവിനെ ദ്രോഹിച്ചവരൊന്നും സംസ്‌കാരത്തിന് വരേണ്ടതില്ല എന്നാണ് കുടുംബം പാർട്ടി നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. അതിനൊപ്പമാണ് പാർട്ടി ഓഫീസിൽ പൊതുദർശനം വേണ്ടെന്ന തീരുമാനവും.

By Senior Reporter, Malabar News
p-raju

എറണാകുളം: സിപിഐ മുൻ എറണാകുളം ജില്ലാ സെക്രട്ടറിയും മുൻ എംഎൽഎയുമായ പി രാജുവിനെ മരണശേഷവും പിന്തുടർന്ന് വിവാദം. രാജുവിന്റെ മൃതദേഹം പാർട്ടി ഓഫീസിൽ പൊതുദർശനത്തിന് വെയ്‌ക്കേണ്ടതില്ലെന്ന് കുടുംബം തീരുമാനിച്ചു. പകരം പറവൂർ മുനിസിപ്പൽ ടൗൺഹാളിലായിരിക്കും പൊതുദർശനം.

രാജുവിനെ ദ്രോഹിച്ചവരൊന്നും സംസ്‌കാരത്തിന് വരേണ്ടതില്ല എന്നാണ് കുടുംബം പാർട്ടി നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. അതിനൊപ്പമാണ് പാർട്ടി ഓഫീസിൽ പൊതുദർശനം വേണ്ടെന്ന തീരുമാനവും. സിപിഐ പറവൂർ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം കൂടിയായ ഭാര്യ പറവൂർ സഹകരണ ബാങ്ക് റിട്ട. അസി. സെക്രട്ടറി ലതികയും അധ്യാപികയായ മകൾ സിന്ധുവും ഇക്കാര്യം പാർട്ടി നേതൃത്വത്തെ അറിയിക്കുകയായിരുന്നു എന്നാണ് വിവരം.

രണ്ടുവട്ടം ജില്ലാ സെക്രട്ടറിയും രണ്ടുവട്ടം പറവൂർ എംഎൽഎയും ആയിരുന്ന പി രാജു (73) ഇന്ന് രാവിലെ 6.40നാണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചത്. അർബുദ ബാധിതനായ രാജുവിനെ കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. നാളെ ഉച്ചയ്‌ക്ക് 12 മണിക്ക് കെടാമംഗലം എംഎൽഎ പടിയിലെ വീട്ടിലെത്തിക്കുന്ന മൃതദേഹം മൂന്നുമണിക്ക് സംസ്‌കരിക്കും.

അതിനിടെ, ഇല്ലാത്ത ചില പ്രശ്‌നങ്ങളുടെ പേരിൽ രാജുവിനെ വ്യക്‌തിഹത്യ നടത്തുകയും ദീർഘകാലത്തെ പ്രവർത്തനത്തിലൂടെ നേടിയ സൽപ്പേര് കളങ്കപ്പെടുത്താൻ ശ്രമിക്കുകയും ചെയ്‌തത്‌ സഖാവിന് ഏറ്റ വലിയ ആഘാതമായിരുന്നു എന്നാരോപിച്ചു മുതിർന്ന സിപിഐ നേതാവ് ഇകെ ഇസ്‌മയിൽ രംഗത്തെത്തി. സിപിഐയിലെ ഇസ്‌മയിൽ-കാണാം രാജേന്ദ്രൻ ഗ്രൂപ്പ് പോരിൽ ഇസ്‌മയിലിനൊപ്പം അടിയുറച്ചുനിന്ന ആളായിരുന്നു രാജു.

കാണാം സംസ്‌ഥാന സെക്രട്ടറിയാവുകയും ജില്ലകൾ പിടിച്ചെടുക്കുകയും ചെയ്‌തിട്ടും എറണാകുളം ഏറെക്കാലം ഇസ്‌മയിലിനൊപ്പം നിന്നതിന്റെ കാരണം രാജുവായിരുന്നു. എന്നാൽ, കാലക്രമേണ രാജു സെക്രട്ടറി സ്‌ഥാനത്ത്‌ നിന്ന് മാറിയതിന് പിന്നാലെ അഴിമതി ആരോപണം ഉയർന്നു. രാജു ജില്ലാ സെക്രട്ടറി ആയിരുന്ന കാലത്ത് പാർട്ടി കണക്കുകളിൽ 75 ലക്ഷം രൂപയുടെ ക്രമക്കേട് കണ്ടെത്തിയെന്നായിരുന്നു ആദ്യത്തെ ആരോപണം.

പിന്നീട് വിശദമായ പരിശോധനയിൽ 2.30 കോടി രൂപയുടെ ക്രമക്കേടുണ്ടെന്ന് കണ്ടെത്തി. ഇതേക്കുറിച്ചു പഠിക്കാൻ മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തി. ഈ കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ രണ്ടുപേർക്കുമെതിരെ പാർട്ടി ജില്ലാ കൗൺസിൽ നടപടിയെടുത്തു. രാജുവിനെ എഴിക്കര എംഎൽഎ പടി ബ്രാഞ്ചിലേക്കും മുൻ ജില്ലാ ട്രഷറർ ആയിരുന്ന എംഡി നിക്‌സനെ മണ്ഡലം കമ്മിറ്റിയിലേക്കും തരംതാഴ്‌ത്തിയിരുന്നു.

Most Read| മൂന്ന് മാസത്തെ ഓണറേറിയം കുടിശിക തീർത്ത് സർക്കാർ; സമരം തുടരുമെന്ന് ആശാ വർക്കർമാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE