കോട്ടയം: മതവിദ്വേഷ പരാമർശം നടത്തിയതുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ ബിജെപി നേതാവ് പിസി ജോർജിന് ജാമ്യം. ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. പിസി ജോർജിന്റെ ആരോഗ്യ പ്രശ്നങ്ങൾ കണക്കിലെടുത്താണ് ജാമ്യം അനുവദിക്കുന്നതെന്ന് കോടതി വ്യക്തമാക്കി.
ആൻജിയോ ഗ്രാം ഉൾപ്പടെയുള്ളവ ചെയ്യേണ്ടതുണ്ടെന്ന മെഡിക്കൽ റിപ്പോർട് അടക്കം കോടതിയിൽ എത്തിയിരുന്നു. ഈ റിപ്പോർട്ടും പോലീസ് റിപ്പോർട്ടും കോടതി പരിഗണിച്ചു. കേസ് നടപടിക്രമങ്ങളടക്കം പൂർത്തിയായതാണ്. മൊഴി രേഖപ്പെടുത്തി, തെളിവുകളടക്കം ശേഖരിച്ചു. അതുകൊണ്ടുതന്നെ ജാമ്യം നൽകേണ്ടത് എതിർക്കേണ്ടതില്ല എന്നായിരുന്നു കോടതി നിരീക്ഷണം.
അൽപ്പസമയത്തിനകം ജാമ്യ ഉത്തരവ് ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതിയിൽ നിന്ന് പാല സബ് ജയിലിലേക്ക് കൊണ്ടുപോകും. അതിന് ശേഷം പിസി ജോർജ് നിലവിൽ റിമാൻഡിൽ കഴിയുന്ന കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും. പിസി ജോർജ് ഉച്ചയോടെ പുറത്തിറങ്ങുമെന്നാണ് വിവരം.
ജനുവരി അഞ്ചിനാണ് ചാനൽ ചർച്ചയ്ക്കിടെ പിസി ജോർജ് മതവിദ്വേഷ പരാമർശം നടത്തിയത്. യൂത്ത്ലീഗ് മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. മതസ്പർധ വളർത്തൽ, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകളാണ് പിസി ജോർജിനെതിരെ ചുമത്തിയിരിക്കുന്നത്. കോട്ടയം സെഷൻസ് കോടതിയും പിന്നീട് ഹൈക്കോടതിയും പിസി ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു.
Most Read| ഒറ്റ ദിവസം ആറ് ഗണിത റെക്കോർഡുകൾ; കണക്കിൽ അമ്മാനമാടുന്ന 14 വയസുകാരൻ