വാഷിങ്ടൻ: വീണ്ടും അധികാരമേറ്റതിന് പിന്നാലെ ആദ്യമായി യുഎസ് കോൺഗ്രസിനെ അഭിസംബോധന ചെയ്‌ത യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്, പ്രഖ്യാപനങ്ങളും നയരൂപീകരണ വാദങ്ങളും ഏറെ നടത്തിയെങ്കിലും ഒരു 13 വയസുകാരന്റെ വാർത്തയാണ് പലരുടെയും മനസുടക്കിയത്.
കാൻസറിനെ അതിജീവിച്ച ഡിജെ ഡാനിയേൽ എന്ന 13– വയസുകാരനെ യുഎസിലെ സീക്രട്ട് സർവീസിലെ ഓണററി അംഗമാക്കാനുള്ള ട്രംപിന്റെ പ്രഖ്യാപനം നിറഞ്ഞ കൈയ്യടികളോടെയാണ് എല്ലാവരും ഏറ്റെടുത്തത്. സീക്രട്ട് സർവീസ് ഡയറക്‌ടർ ഷോൺ കറനോട് കുട്ടിയെ സർവീസിലെടുക്കണമെന്ന് ട്രംപ് നിർദ്ദേശിക്കുകയായിരുന്നു.
2018ലാണ് ഡിജെയ്‌ക്ക് അർബുദം സ്‌ഥിരീകരിക്കുന്നത്. അഞ്ചുമാസം വരെ മാത്രമേ ആയുസ് ഉള്ളൂവെന്നാണ് അന്ന് ഡോക്‌ടർമാർ വിധിയെഴുതിയത്. എന്നാൽ, ഡിജെ അതിനെയെല്ലാം അതിജീവിച്ചു. അവന്റെ മനസിന്റെ ധൈര്യവും ലക്ഷ്യത്തിലേക്ക് എത്തിച്ചേരാനുള്ള അതിയായ ആഗ്രഹവുമായിരുന്നു ഇതിന് പിന്നിൽ.
ചെറുപ്പം മുതൽ ഒരു പോലീസ് ഓഫീസർ ആകണമെന്നാണ് ഡിജെ ആഗ്രഹിച്ചത്. രോഗം സ്‌ഥിരീകരിച്ചതിന് പിന്നാലെ ഈ ആഗ്രഹത്തിന് പിന്നാലെയായിരുന്നു ഡിജെയും ഒപ്പം അവന്റെ അച്ഛനും. അതിനാണ് ഇപ്പോൾ പരിഹാരമായിരിക്കുന്നത്. ”ഡിജെ യുഎസിലെ സീക്രട്ട് സർവീസിലെ ഓണററി അംഗമായിരിക്കുകയാണ്”- സംയുക്‌ത സെഷൻ അഭിസംബോധന ചെയ്‌ത് ഡൊണാൾഡ് ട്രംപ് പറഞ്ഞു.
ടെക്‌സസിലെ സാൻ അന്റോണിയോയിലാണ് ഡിജെ ജനിച്ചത്. 2018ലാണ് തലച്ചോറിലും സുഷുമ്‌നാ നാഡിയിലും കാൻസർ സ്‌ഥിരീകരിച്ചത്. തലച്ചോറിൽ ഇതുവരെ 13 ശസ്‌ത്രക്രിയകൾ ചെയ്‌തിട്ടുണ്ട്. സീക്രട്ട് സർവീസിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്‌തി കൂടിയാണ് ഡിജെ ഡാനിയേൽ.
Most Read| ബ്രസീലിൽ 40 കോടി രൂപയ്‌ക്ക് വിറ്റു; നെല്ലോർ പശു ഒടുവിൽ ഗിന്നസ് ബുക്കിൽ







































