വാഷിങ്ടൻ: ഹമാസിന് വീണ്ടും അന്ത്യശാസനവുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ജീവിച്ചിരിക്കുന്ന എല്ലാ ബന്ദികളെയും കൊല ചെയ്യപ്പെട്ടവരുടെ മൃതദേഹങ്ങളും ഹമാസ് ഉടൻ കൈമാറണമെന്നും അല്ലാത്തപക്ഷം ഹമാസിനെ പൂർണമായും നശിപ്പിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ഹമാസുമായി യുഎസ് നേരിട്ട് ചർച്ച തുടങ്ങിയതിന് പിന്നാലെയാണ് ട്രംപിന്റെ അന്ത്യശാസന.
‘ശാലോം ഹമാസ്’ എന്നാൽ ഹാലോ, ഗുഡ്ബൈ എന്നാണ് അർഥം. നിങ്ങൾക്ക് ഇഷ്‌ടമുള്ളത് തിരഞ്ഞെടുക്കാം. എല്ലാ ബന്ദികളെയും ഇപ്പോൾ വിട്ടയക്കുക. നിങ്ങൾ കൊലപ്പെടുത്തിയ ആളുകളുടെ എല്ലാ ആളുകളുടെയും മൃതദേഹങ്ങൾ ഉടൻ തിരികെ നൽകുക. ഇല്ലെങ്കിൽ എല്ലാം ഇതോടെ അവസാനിച്ചു- ട്രൂത്ത് സോഷ്യൽ പോസ്‌റ്റിൽ ട്രംപ് കുറിച്ചു.
”ഞാൻ പറയുന്നതുപോലെ ചെയ്‌തില്ലെങ്കിൽ ഒരു ഹമാസ് അംഗം പോലും സുരക്ഷിതനായിരിക്കില്ല. നിങ്ങൾ ജീവിതം നശിപ്പിച്ച ബന്ദികളെ ഞാൻ കണ്ടു. ഇത് നിങ്ങൾക്കുള്ള അവസാന മുന്നറിയിപ്പാണ്. ഇപ്പോൾ ഗാസ വിടാനുള്ള സമയമാണ്. ഇപ്പോഴും ഒരവസരം ബാക്കിയുണ്ട്. ഗാസയിലെ ജനങ്ങളോട്, നിങ്ങൾക്ക് മനോഹരമായ ഭാവി കാത്തിരിക്കുന്നു. പക്ഷേ, നിങ്ങൾ ബന്ദികളെ പിടിച്ചുവെക്കരുത്. അങ്ങനെ ചെയ്‌താൽ മരണമാകും ഫലം. ബുദ്ധിപൂർവമായ തീരുമാനം എടുക്കുക. ഇപ്പോൾ തന്നെ ബന്ദികളെ വിട്ടയക്കുക. അല്ലെങ്കിൽ നരകിക്കേണ്ടി വരും”- ട്രംപ് താക്കീത് നൽകി.
ട്രംപിന്റെ പ്രതിനിധി ആദം ബോഹ്‍ലർ ദോഹയിൽ ഹമാസ് പ്രതിനിധികളുമായി കൂടിക്കാഴ്‌ച നടത്തിയ ശേഷമാണ് മുന്നറിയിപ്പെന്നാണ് റിപ്പോർട്. ഹമാസുമായി നേരിട്ട് ചർച്ചകൾ നടത്തുന്നതിൽ ഇസ്രയേൽ നിലപാട് അറിയിച്ചിട്ടുണ്ട്. ഞായറാഴ്‌ച അവസാനിച്ച ആറ് ആഴ്‌ചത്തെ വെടിനിർത്തൽ നീട്ടുന്നതിനെ കുറിച്ച് ഇസ്രയേലും ഹമാസും ആലോചിക്കുന്നതിനിടെയാണ് കൂടിക്കാഴ്‌ച.
Most Read| 124ആം വയസിലും 16ന്റെ ചുറുചുറുക്കിൽ ക്യൂ ചൈഷി മുത്തശ്ശി







































