മലപ്പുറം: മുൻ മലപ്പുറം എസ്‌പി സുജിത് ദാസിന്റെ സസ്‌പെൻഷൻ പിൻവലിച്ചു. സസ്‌പെൻഷൻ കാലാവധി ആറുമാസം പിന്നിട്ടതോടെയാണ് നടപടി. കഴിഞ്ഞ ദിവസം പോലീസ് ആസ്‌ഥാനത്ത് സുജിത് ദാസ് റിപ്പോർട് ചെയ്‌തിരുന്നു. സസ്‌പെൻഷൻ നടപടി പിൻവലിച്ചെങ്കിലും നിലവിൽ അടുത്ത പോസ്‌റ്റിങ് നൽകിയിട്ടില്ല.
പിവി അൻവറിന്റെ വെളിപ്പെടുത്തലിനെ തുടർന്നായിരുന്നു സുജിത് ദാസിന്റെ സസ്‌പെൻഷൻ. സുജിത്തിന്റെ ശബ്‌ദരേഖയടക്കം അൻവർ പുറത്തുവിട്ടിരുന്നു. എംആർ അജിത് കുമാറിനൊപ്പം ഇദ്ദേഹത്തിന് സ്വർണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്ന് പിവി അൻവർ ആരോപിച്ചിരുന്നു.
മലപ്പുറം എസ്‌പി ആയിരിക്കെ ക്യാമ്പ് ഓഫീസ് വളപ്പിലെ മരം മുറിയുമായി ബന്ധപ്പെട്ട് ആരോപണമുന്നയിച്ച് അൻവർ നൽകിയ പരാതി പിൻവലിക്കണമെന്ന് ഫോണിലൂടെ സുജിത് ആവശ്യപ്പെട്ടതിന്റെ ശബ്‌ദരേഖ പുറത്തായത് വൻ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. സുജിത് ദാസിന് എതിരായുള്ള അന്വേഷണങ്ങൾ നടക്കുന്നുണ്ട്. സസ്‌പെൻഷൻ പിൻവലിച്ചത് അന്വേഷണത്തിന് തടസമാവില്ലെന്നാണ് വിവരം.
ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയാണ് സുജിത് ദാസിനെ തിരിച്ചെടുക്കാൻ ശുപാർശ നൽകിയത്. സുജിത് ദാസിനെതിരായ വകുപ്പുതല അന്വേഷണം അന്തിമഘട്ടത്തിലാണെന്ന് റിവ്യൂ കമ്മിറ്റി അറിയിച്ചു. ഐജി ശ്യാം സുന്ദർ നടത്തുന്ന അന്വേഷണത്തിൽ പിവി അൻവർ ഇതുവരെ മൊഴി നൽകിയിട്ടില്ല.
Most Read| രണ്ടാം ഭാര്യയുടെ പ്രേതത്തെ പേടി, 36 വർഷമായി സ്‌ത്രീ വേഷം കെട്ടി ജീവിക്കുന്ന പുരുഷൻ