ശ്രീറാം വെങ്കിട്ടരാമന് പ്രൊമോഷന്‍: മുസ്‌ലിം ജമാഅത്ത് പരാതി നല്‍കി

മാദ്ധ്യമ പ്രവര്‍ത്തകന്‍ കെഎം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ നരഹത്യ, തെളിവ് നശിപ്പിക്കൽ ഉൾപ്പടെയുള്ള ഗുരുതരമായ വകുപ്പുകളിൽ പ്രതി ചേർക്കപ്പെട്ട് തിരുവന്തപുരം സെഷൻസ് കോടതിയിൽ വിചാരണ നേരിടുന്ന കേരള കേഡർ ഐഎഎസ് ഓഫീസർ ശ്രീറാം വെങ്കിട്ടരാമന്‌ അഖിലേന്ത്യാ ജീവനക്കാർക്ക് ബാധകമായ ചട്ടങ്ങൾ ലംഘിച്ച് ജോയിന്റ് സെക്രട്ടറിയായി പ്രൊമോഷൻ നൽകിയതിനെതിരെയാണ് പരാതി.

By Senior Reporter, Malabar News
Jamal Karulai
മലപ്പുറം പ്രസ് ക്ളബിൽ നടന്ന വാർത്താ സമ്മേളനത്തിൽ കെഎം ബഷീർ നിയമസഹായ സമിതി കൺവീനറും കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം ജില്ലാ സെക്രട്ടറിയുമായ ജമാൽ കരുളായി സംസാരിക്കുന്നു.
Ajwa Travels

മലപ്പുറം: മാദ്ധ്യമ പ്രവര്‍ത്തകന്‍ കെഎം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന് സർവീസ് ചട്ടങ്ങൾ ലംഘിച്ച് ജോയിന്റ് സെക്രട്ടറിയായി പ്രൊമോഷൻ നൽകിയതിൽ പരാതിയുമായി മുസ്‌ലിം ജമാഅത്ത്.

കെഎം ബഷീർ നിയമസഹായ സമിതി കൺവീനറും കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം ജില്ലാ സെക്രട്ടറിയുമായ ജമാൽ കരുളായിയാണ് ചീഫ് സെക്രട്ടറിക്ക് പരാതി നൽകിയത്. നരഹത്യ, തെളിവ് നശിപ്പിക്കൽ ഉൾപ്പടെയുള്ള ഗുരുതരമായ  വകുപ്പുകളിൽ പ്രതി ചേർക്കപ്പെട്ട് തിരുവന്തപുരം സെഷൻസ് കോടതിയിൽ വിചാരണ നേരിടുന്ന കേരള കേഡർ ഐഎഎസ് ഓഫീസർ ശ്രീറാം വെങ്കിട്ടരാമന്‌ അഖിലേന്ത്യാ ജീവനക്കാർക്ക് ബാധകമായ ചട്ടങ്ങൾ ലംഘിച്ച് ജോയിന്റ് സെക്രട്ടറിയായി പ്രൊമോഷൻ നൽകിയതിനെതിരെയാണ് പരാതി.

അഖിലേന്ത്യ സർവീസ് ചട്ടങ്ങൾ ബാധകമായ ജീവനക്കാർക്ക് പ്രൊമോഷൻ നൽകേണ്ട സാഹചര്യം ഉണ്ടാകുകയും എന്നാൽ, അവർ ഇത്തരം ഗുരുതരമായ ക്രിമിനൽ കേസുകളിൽ പ്രതിചേർക്കപ്പെടുകയും ചെയ്യുന്ന പക്ഷം അവരെ പ്രൊമോഷന് വേണ്ടിയുള്ള അഭിമുഖത്തിൽ പങ്കെടുപ്പിക്കാവുന്നതാണെങ്കിലും പ്രൊമോഷൻ നൽകാൻ പാടില്ലെന്നാണ് വ്യവസ്‌ഥ.

പകരം, അവരുടെ പെർഫോമൻസ് സംബന്ധിച്ച റിപ്പോർട് ഒരു സീൽഡ് കവറിൽ സൂക്ഷിച്ച് കേസിൽ നിന്ന് അവർ കുറ്റവിമുക്‌തരായ ശേഷം മാത്രം അത് പരിഗണിച്ച് പ്രൊമോഷന് യോഗ്യത നേടിയിട്ടുണ്ടെങ്കിൽ പ്രൊമോഷൻ നൽകുകയുമാണ് ചെയ്യേണ്ടത്. എന്നാൽ, ശ്രീറാം വെങ്കിട്ടരാമിന്റെ കാര്യത്തിൽ ഈ നിയമങ്ങളൊന്നും പാലിക്കപ്പെട്ടില്ലെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിൽ സർക്കാർ നടപടി പുനഃപരിശോധിക്കണമെന്നും പ്രൊമോഷൻ പിൻവലിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

2019 ഓഗസ്‌റ്റ് മൂന്നിന് പുലർച്ചെയായിരുന്നു ശ്രീറാം വെങ്കിട്ടരാമൻ അമിതമായി മദ്യപിച്ച് അതിവേഗത്തിൽ ഓടിച്ച വാഹനമിടിച്ച് കെഎം ബഷീറിനെ കൊലപ്പെടുത്തിയത്. തിരുവനന്തപുരം ക്രൈംബ്രാഞ്ച് കേസിൽ നരഹത്യ, തെളിവ് നശിപ്പിക്കൽ, മോട്ടോർ വാഹന നിയമത്തിലെ വിവിധ വകുപ്പുകൾ എന്നിവ ഉൾപ്പെടുത്തി കുറ്റപത്രം സമർപ്പിച്ചിരുന്നു.

കേസ് പരിഗണിച്ച തിരുവനന്തപുരം സെഷൻസ് കോടതി മനഃപൂർവമായ നരഹത്യാ കുറ്റത്തിൽ നിന്ന് ശ്രീറാമിനെ ഒഴിവാക്കിയിരുന്നെങ്കിലും ഇതിനെതിരെ സംസ്‌ഥാന സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകുകയും ചെയ്‌തിരുന്നു. ഇതോടെ, മനഃപൂർവമായ നരഹത്യ നിലനിൽക്കുമെന്നും സെഷൻസ് കോടതിയിൽ തന്നെ വിചാരണ നേരിടണമെന്നും വിധിക്കുകയുണ്ടായി.

KM-Basheer
കെഎം ബഷീർ, ശ്രീറാം വെങ്കിട്ടരാമൻ

ഇതിനെതിരെ ശ്രീറാം വെങ്കിട്ടരാമൻ സുപ്രീം കോടതിയിൽ അപ്പീൽ നൽകിയെങ്കിലും അത് തള്ളപ്പെട്ടു. ഇതനുസരിച്ച് തിരുവനന്തപുരം ഒന്നാം അഡീഷണൽ ഡിസ്‌ട്രിക്‌ട്& സെഷൻസ് ജഡ്‌ജ്‌ 2024 ഡിസംബർ രണ്ടുമുതൽ വിചാരണ ആരംഭിക്കാൻ ഷെഡ്യൂൾ ചെയ്‌തിരുന്നെങ്കിലും ശ്രീറാമിന്റെ അഭിഭാഷകന് കോടതി സമുച്ചയത്തിന്റെ ഒന്നാം നിലയിലുള്ള പടി കയറാൻ പ്രയാസമുണ്ടെന്ന് ഹരജി നൽകുകയും അതനുസരിച്ച് കേസ് നിലവിൽ തിരുവനന്തപുരം നാലാം അഡീഷണൽ ഡിസ്‌ട്രിക്‌ട്& സെഷൻസ് കോടതിയിലേക്ക് മാറ്റപ്പെടുകയും ഉണ്ടായി. എന്നാൽ, വിചാരണ നടപടികൾ ഇതുവരെ ആരംഭിച്ചിട്ടില്ല.

അതോടൊപ്പം തന്നെ, സംഭവം നടന്ന മൂന്നാം ദിവസം ശ്രീറാമിനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തിരുന്നു. വകുപ്പുതല അന്വേഷണത്തിന് സഞ്‌ജയ്‌ ഗർഗ് എന്ന പ്രിൻസിപ്പൽ സെക്രട്ടറിയെ നിയമിക്കുകയും ചെയ്‌തിരുന്നു. എന്നാൽ, കുറ്റകൃത്യത്തിന്റെ ഗൗരവം ഒട്ടുംതന്നെ പരിഗണിക്കാതെ അന്വേഷണ ഉദ്യോഗസ്‌ഥന്റെ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ മാത്രം അന്നത്തെ ചീഫ് സെക്രട്ടറി ശ്രീറാം വെങ്കിട്ടരാമനെ തിരിച്ചെടുക്കുകയുണ്ടായി. ഇതിനെതിരെയും പരാതി നൽകിയിട്ടുണ്ടെന്ന് കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം ജില്ലാ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

വാർത്താ സമ്മേളനത്തിൽ കെഎം ബഷീർ നിയമസഹായ സമിതി കൺവീനറും കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം ജില്ലാ സെക്രട്ടറിമായ കെപി ജമാൽ കരുളായി, അലിയാർ ഹാജി, അബ്‌ദുസമദ് മുട്ടനൂർ, അൻവർ സാദത്ത്, റിയാസ് ബാബു പോത്തുകല്ല് എന്നിവർ പങ്കെടുത്തു.

Most Read| ഒറ്റ ദിവസം ആറ് ഗണിത റെക്കോർഡുകൾ; കണക്കിൽ അമ്മാനമാടുന്ന 14 വയസുകാരൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE