തൃശൂർ: ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ ജാതി വിവേചനത്തിൽ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. സംഭവത്തിൽ കമ്മീഷൻ അന്വേഷണത്തിനും ഉത്തരവിട്ടു. കൊച്ചിൻ ദേവസ്വം കമ്മീഷണറും കൂടൽമാണിക്യം എക്‌സിക്യൂട്ടീവ് ഓഫീസറും അന്വേഷണം നടത്തി രണ്ടാഴ്‌ചക്കകം റിപ്പോർട് നൽകണമെന്നാണ് കമ്മീഷൻ അംഗം വി ഗീത ഉത്തരവിട്ടത്.
കഴകം ജോലികൾക്ക് നിയമിച്ച ഈഴവ സമുദായത്തിൽപ്പെട്ട ആളെ മാറ്റിനിർത്തിയെന്ന ആരോപണത്തെ തുടർന്നാണ് നടപടി. ദേവസ്വം റിക്രൂട്ട്മെന്റ് നടത്തിയ പരീക്ഷ പാസായി ഫെബ്രുവരി 24നാണ് തിരുവനന്തപുരം ആര്യനാട് സ്വദേശിയായ ബാലു ക്ഷേത്രത്തിലെ കഴകം ജോലിയിൽ പ്രവേശിച്ചത്. എന്നാൽ, വാര്യർ സമാജവും തന്ത്രി സമാജവും ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.
പിന്നാലെ, ഇയാളെ കഴകം ജോലിയിൽ നിന്ന് ഓഫിസിലേക്ക് മാറ്റി. ഓഫീസിന്റെ പുനഃക്രമീകരണത്തിന്റെ ഭാഗമായാണ് ജോലി മാറ്റമെന്നാണ് ദേവസ്വം ബോർഡ് വിശദീകരിച്ചത്. എന്നാൽ, പ്രതിഷ്‌ഠാ ദിനം, ഉൽസവം എന്നിവ നടക്കുന്നതിനാൽ പൂജയേയും മറ്റും ബാധിക്കും എന്നതുകൊണ്ടാണ് ബാലുവിനെ അവിടെ നിന്ന് മാറ്റിയതെന്നാണ് വിവരം. സംഭവം വാർത്തയായതിന് പിന്നാലെയാണ് മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തത്.
Most Read| സംസ്‌ഥാനത്ത് യുവി സൂചിക 9ലേക്ക്; അത്യുഷ്‌ണം തുടരും, അതീവ ജാഗ്രത വേണം