പത്തനംതിട്ട: എ പത്‌മകുമാറൊന്നും പാർട്ടിക്ക് പ്രശ്‌നമുള്ള കാര്യമല്ലെന്ന് തുറന്നടിച്ച് സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പാർട്ടിക്കകത്ത് ഒരു വെല്ലുവിളിയുമില്ല. ആരോഗ്യകരമായ ചർച്ചയും സ്വയം വിമർശനവുമാണ് സമ്മേളന ദിവസങ്ങളിൽ നടന്നത്. പൂർണമായും യോജിച്ച് ഒറ്റക്കെട്ടായി മുന്നോട്ടു പോകുമെന്നും ഗോവിന്ദൻ പറഞ്ഞു.
അതേസമയം, എ പത്‌മകുമാർ സാമൂഹിക മാദ്ധ്യമത്തിൽ പ്രതിഷേധക്കുറിപ്പ് ഇടാനുള്ള സാഹചര്യം പാർട്ടി ഗൗരവത്തോടെ പരിശോധിക്കുമെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം പറഞ്ഞു. പത്‌മകുമാർ പോസ്‌റ്റ് പിൻവലിച്ചിട്ടുണ്ടെന്നും മന്ത്രിമാർ പാർട്ടി സംസ്‌ഥാന കമ്മിറ്റിയിൽ ഇല്ലെങ്കിൽ ക്ഷണിതാവാക്കുക എന്നത് കീഴ്‌വഴക്കമാണെന്നും അദ്ദേഹം പറഞ്ഞു.
വീണാ ജോർജ് ജില്ലാ കമ്മിറ്റി അംഗം എന്ന നിലയിലാണ് പാർട്ടിയിൽ ഇപ്പോൾ പ്രവർത്തിക്കുന്നത്. അതുകൊണ്ടാണ് ക്ഷണിതാവാക്കിയത്. സംസ്‌ഥാന കമ്മിറ്റി മന്ത്രിമാർക്ക് സംസാരിക്കാനുള്ള വേദിയാണ്. മറ്റു മന്ത്രിമാർ സംസ്‌ഥാന കമ്മിറ്റിയിൽ അംഗങ്ങളാണ്. പത്‌മകുമാർ പാർട്ടിക്ക് വലിയ സംഭാവന നൽകിയ ആളാണ്. പാർട്ടി ഭരണഘടന പ്രകാരം ഇത്തരം അഭിപ്രായങ്ങൾ പാർട്ടി ഘടകത്തിലാണ് പറയേണ്ടതെന്നും രാജു ഏബ്രഹാം പറഞ്ഞു.
അതിനിടെ, പാർട്ടിക്കെതിരായ പ്രതിഷേധം ആവർത്തിച്ച് സിപിഎം നേതാവും ദേവസ്വം ബോർഡ് മുൻ പ്രസിഡണ്ടുമായ പത്‌മകുമാർ വീണ്ടും രംഗത്തെത്തി. പാർട്ടിയുടെ, തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്‌ഥാനങ്ങളിൽ നിന്നും ഒഴിയുകയാണെന്നും സാധാരണ പ്രവർത്തകനായി തുടരുമെന്നും പത്‌മകുമാർ അറിയിച്ചു. സംസ്‌ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കപ്പെട്ടതിന് പിന്നാലെ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ കഴിഞ്ഞദിവസം അദ്ദേഹം പ്രതിഷേധം അറിയിച്ചിരുന്നു.
Most Read| കാനഡയെ നയിക്കാൻ ഇനി മാർക്ക് കാർനി; ട്രൂഡോയുടെ പിൻഗാമി, ട്രംപിന് എതിരാളി






































