മലപ്പുറം: സ്‌കൂൾ വിദ്യാർഥിനികൾ നാടുവിട്ട കേസിൽ തുടരന്വേഷണത്തിനായി താനൂരിൽ നിന്നുള്ള പൊലീസ് സംഘം വീണ്ടും മുംബൈയിലെത്തി. പെണ്‍കുട്ടികള്‍ക്ക് മുംബൈയില്‍ പ്രാദേശിക സഹായം ലഭിച്ചോയെന്നും ബ്യൂട്ടി പാർലറിന്റെ പങ്കും അന്വേഷിക്കും.
താനൂർ എസ്‌ഐ പി സുകേഷ് കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർ എ ഷമീർ എന്നിവരാണ് മുംബൈയിലെത്തിയത്. ഛത്രപതി ശിവാജിടെർമിനസിനു സമീപം പെൺകുട്ടികൾ മുടി വെട്ടിയ ബ്യൂട്ടി പാർലറിന്റെ ഉടമയായ മലയാളിയുടെ മൊഴി ഇന്നെടുത്തു. ബ്യൂട്ടി പാർലറിനെതിരെ ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ ദുരൂഹതകൾ നീക്കാനാണു പൊലീസ് ശ്രമം.
പെൺകുട്ടികൾ വഴി ചോദിച്ച മുംബൈയിലെ മലയാളിക്കടയിൽ നിന്നും അന്വേഷണസംഘം വിവരങ്ങൾ ആരാഞ്ഞു. പെൺകുട്ടികൾക്ക് ഒപ്പം ഉണ്ടായിരുന്ന എടവണ്ണ സ്വദേശിയായ അക്ബര്‍ റഹീമിന് മുംബൈയിൽ നിന്നു പ്രാദേശിക സഹായം കിട്ടിയോ എന്നും അന്വേഷിക്കുന്നുണ്ട്. വിദ്യാര്‍ഥിനികളെ മുംബൈയിലേക്ക് പോകാന്‍ സഹായിച്ച എടവണ്ണ സ്വദേശിയായ അക്ബര്‍ റഹീമിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ തട്ടിക്കൊണ്ട് പോകല്‍, പിന്‍തുടരല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയത്.
സലൂൺ നടത്തിപ്പുകാരുടെയും കുട്ടികളെ കണ്ടെത്തുന്നതിനു സഹായിച്ച മലയാളി സമാജം പ്രവർത്തകരുടെയും മൊഴിയെടുത്ത ശേഷം നാളെ നാട്ടിലേക്കു മടങ്ങും. മുംബൈയിൽ നിന്നു ശേഖരിക്കുന്ന മൊഴികളുടെയും തെളിവുകളുടെയും അടിസ്‌ഥാനത്തിലായിരിക്കും നിലവിൽ റിമാൻഡിൽ കഴിയുന്ന അക്ബർ റഹീമിനെ കസ്‌റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുക.
ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ മലപ്പുറത്തെ സംരക്ഷണ കേന്ദ്രത്തിൽ കഴിയുന്ന പ്ളസ് വൺ വിദ്യാർഥിനികൾക്ക് ഇന്നലെ രക്ഷിതാക്കളോടൊപ്പം കൗൺസലിങ് നൽകി. തുടർന്നുള്ള പ്ളസ് വൺ പരീക്ഷകൾ എഴുതുന്നതിനുള്ള സൗകര്യം ഒരുക്കി നൽകും. കൗൺസലിങ് നടത്തിയതിന്റെ റിപ്പോർട്ടുകൾ കൂടി പരിശോധിച്ച ശേഷമേ കുട്ടികളെ രക്ഷിതാക്കൾക്കൊപ്പം വിടുന്ന കാര്യത്തിൽ തീരുമാനമുണ്ടാകൂ.
MOST READ | വിഎസ് ഏറ്റവും വലിയ കരുത്ത്; ക്ഷണിതാവാക്കും -എംവി ഗോവിന്ദൻ






































