വാഷിങ്ടൻ: യെമനിലെ ഹൂതി കേന്ദ്രങ്ങളിൽ യുഎസ് വ്യോമാക്രമണം തുടരുന്നു. രണ്ടു ദിവസമായി തുടരുന്ന വ്യോമാക്രമണത്തിൽ സ്‌ത്രീകളും കുട്ടികളും ഉൾപ്പടെ 53 പേർ കൊല്ലപ്പെട്ടു. നൂറോളം പേർക്ക് പരിക്കേറ്റു. ചെങ്കടലിൽ കപ്പലുകൾക്ക് നേരെ ഹൂതികൾ ആക്രമണം തുടരുന്ന സാഹചര്യത്തിലാണ് യുഎസ് നടപടി തുടരുന്നത്.
യെമന്റെ തലസ്‌ഥാനമായ സനായെയും സൗദി അറേബ്യയുടെ അതിർത്തിക്കടുത്തുള്ള വിമതരുടെ ശക്‌തികേന്ദ്രമായ സാദ ഉൾപ്പടെയുള്ള മറ്റ് പ്രവിശ്യകളെയും ലക്ഷ്യമിട്ടാണ് വ്യോമാക്രമണം തുടരുന്നത്. അതിനിടെ, യുഎസ് വ്യമാക്രമണത്തിനെതിരെ ശക്‌തമായി തിരിച്ചടിക്കുമെന്ന് ഹൂതികൾ അറിയിച്ചു.
മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് യുഎസ്എസ് ഹാരി ട്രൂമാൻ കാരിയർ സ്‌ട്രൈക്ക് ഗ്രൂപ്പിനെ അക്രമിച്ചതായും ഹൂതികൾ അവകാശപ്പെട്ടു. ഞായറാഴ്‌ച യുഎസ് പോർവിമാനങ്ങൾ 11 ഹൂതി ഡ്രോണുകൾ വെടിവെച്ചു. യെമനിലെ എല്ലാ സൈനിക നീക്കങ്ങളും നിർത്തണമെന്ന് ഐക്യരാഷ്‌ട്ര സംഘടന സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു.
2023 നവംബർ മുതൽ കപ്പലുകളെ ലക്ഷ്യമാക്കി നൂറിലധികം ആക്രമണങ്ങൾ ഹൂതികൾ നടത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഗാസയിൽ ഇസ്രയേൽ നടത്തിയ ബോംബാക്രമണങ്ങളിൽ പലസ്‌തീൻ ജനതയ്‌ക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കാനാണ് ഇസ്രയേലിന്റെ കപ്പലുകൾ ഉൾപ്പടെ അക്രമിക്കുന്നതെന്നാണ് ഹൂതികളുടെ വിശദീകരണം.
Most Read| രണ്ടാം ഭാര്യയുടെ പ്രേതത്തെ പേടി, 36 വർഷമായി സ്‌ത്രീ വേഷം കെട്ടി ജീവിക്കുന്ന പുരുഷൻ