കോഴിക്കോട്: എസ്എസ്എൽസി പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്ക് അനധികൃതമായി സഹായം ചെയ്‌തു നൽകുന്നതായി ആരോപണം. വടകര വില്യാപ്പള്ളി എംജെ വിഎച്ച്എസ്എസ് സ്‌കൂൾ അധികൃതർക്കെതിരെയാണ് ആക്ഷേപം ഉയർന്നിരിക്കുന്നത്.
പരീക്ഷ ദിവസങ്ങളിൽ ജോലിക്ക് നിയോഗിക്കപ്പെട്ടിട്ടില്ലാത്ത അധ്യാപകരും സ്‌കൂളിലെത്തി കുട്ടികൾക്ക് സഹായം ചെയ്‌തു നൽകുന്നുണ്ടെന്ന് വ്യക്‌തമാക്കുന്ന ശബ്‌ദസന്ദേശം പുറത്തുവന്നിട്ടുണ്ട്. ഒരു ദിവസം അധ്യാപകർ ആരും സ്‌കൂളിൽ എത്താതിരുന്നതുമായി ബന്ധപ്പെട്ട ശബ്‌ദ സന്ദേശമാണ് പുറത്തായത്.
”ഇന്നത്തെ പരീക്ഷയ്‌ക്ക് ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടെന്ന് മനസിലാക്കി. എല്ലാവരും ഒന്നിച്ച് ലീവെടുത്തു. കഴിഞ്ഞ ദിവസങ്ങളിൽ എല്ലാവരും വന്നു. ഇന്ന് ആരും വന്നില്ല. സോഷ്യൽ സയൻസ് പരീക്ഷയ്‌ക്ക് കുട്ടികൾക്ക് എന്തെങ്കിലും പറഞ്ഞുകൊടുക്കാൻ ഏതെങ്കിലും സോഷ്യൽ സയൻസ് അധ്യാപകർ വേണ്ടേ. ഇങ്ങനെ ആണെങ്കിൽ കാര്യങ്ങൾ നേരാവണ്ണം പോകില്ല. ഒരുപാട് കാര്യങ്ങൾ പല രീതിക്ക് ചെയ്യുന്നതിനിടയ്‌ക്ക് ആളുകൾ കൂടി വന്നില്ലെങ്കിൽ അത് വളരെ പ്രയാസമാണ്. അതൊക്കെ ടീച്ചേഴ്‌സ് ഇതൊക്കെ മനസിലാക്കിയാൽ നല്ലത്”- ഇതാണ് ശബ്‌ദ സന്ദേശത്തിൽ പറയുന്നത്.
സ്‌റ്റാഫ് സെക്രട്ടറിയുടേതാണ് ശബ്‌ദ സന്ദേശമെന്നാണ് വിവരം. സംഭവത്തെക്കുറിച്ച് വിദ്യാഭ്യാസ വകുപ്പ് അന്വേഷണം ആരംഭിച്ചു. പ്രാഥമിക അന്വേഷണം നടത്തിയ വിദ്യാഭ്യാസ വകുപ്പ് പോലീസ് ഇന്റലിജൻസ് പരിശോധന നടത്തണമെന്ന നിലപാടിലാണ്. സ്‌കൂൾ അധികൃതരുടെ ഇടപെടലിൽ ഒരുവിഭാഗം അധ്യാപകർക്ക് എതിർപ്പുണ്ടെന്നാണ് വിവരം.
Most Read| ഐഒസി തലപ്പത്തേക്ക് ആദ്യമായി ഒരു വനിത; ചരിത്രം കുറിച്ച് കിർസ്‌റ്റി കോവൻട്രി



































