രാഷ്‌ട്രപതി ഒപ്പുവെച്ചു; വഖഫ് ഭേദഗതി ബില്ല് നിയമമായി

നിയമം പ്രാബല്യത്തിലാകുന്ന തീയതി പ്രത്യേക വിജ്‌ഞാപനത്തിലൂടെ കേന്ദ്ര സർക്കാർ പ്രഖ്യാപിക്കും.

By Senior Reporter, Malabar News
Draupadi Murmu
Ajwa Travels

ന്യൂഡെൽഹി: വഖഫ് ഭേദഗതി ബില്ലിൽ ഒപ്പുവെച്ച് രാഷ്‌ട്രപതി ദ്രൗപതി മുർമു. ഇതോടെ വഖഫ് ഭേദഗതി ബില്ല് നിയമമായി. നിയമം പ്രാബല്യത്തിലാകുന്ന തീയതി പ്രത്യേക വിജ്‌ഞാപനത്തിലൂടെ കേന്ദ്ര സർക്കാർ പ്രഖ്യാപിക്കും. യുണിഫൈഡ് വഖഫ് മാനേജ്മെന്റ്, എംപവർമെന്റ് എഫിഷ്യൻസി ആൻഡ് ഡെവലപ്പ്മെന്റ് (ഉമീദ്) ആക്‌ട് എന്നായിരിക്കും ഇനി വഖഫ് നിയമത്തിന്റെ പേര്.

കഴിഞ്ഞ ദിവസമാണ് പാർലമെന്റ് ബില്ല് പാസാക്കിയത്. പ്രതിപക്ഷത്തിന്റെ കടുത്ത എതിർപ്പിനിടെയാണ് ഇരു സഭകളും ബില്ല് പാസാക്കിയിരുന്നത്. 1995ലെ വഖഫ് നിയമത്തിലാണ് ഭേദഗതി. ഓഗസ്‌റ്റിൽ ബിൽ അവതരിപ്പിച്ച ശേഷം സംയുക്‌ത പാർലമെന്ററി സമിതിയുടെ (ജെപിസി) പരിഗണനയ്‌ക്ക് വിട്ടിരുന്നു. ജെപിസിയുടെ നിർദ്ദേശങ്ങൾ അനുസരിച്ച് പരിഷ്‌കരിച്ച ബില്ല് ആണ് ലോക്‌സഭയും രാജ്യസഭയും പാസാക്കിയത്.

14 മണിക്കൂറോളം നീണ്ട ചർച്ചയ്‌ക്കും വോട്ടെടുപ്പിനുമൊടുവിൽ വ്യാഴാഴ്‌ച പുലർച്ചെ 1.56നാണ് ബിൽ ലോക്‌സഭ പാസാക്കിയത്. ഹാജരായിരുന്ന 520 അംഗങ്ങളിൽ 288 പേർ ബില്ലിനെ അനുകൂലിച്ചപ്പോൾ 232 പേർ എതിർത്തു. രാജ്യസഭയിൽ നടന്ന വോട്ടെടുപ്പിൽ 128 പേർ ബില്ലിനെ അനുകൂലിച്ചപ്പോൾ 95 പേർ എതിർത്തിരുന്നു. 17 മണിക്കൂർ നീണ്ട ചർച്ചയ്‌ക്ക്‌ ഒടുവിലാണ് ബില്ല് രാജ്യസഭ കടന്നത്.

പാർലമെന്റിന്റെ ഇരുസഭകളിലും ബില്ലിൻമേലുള്ള ചർച്ചയിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ കൊമ്പുകോർത്തിരുന്നു. രണ്ടാം മോദി സർക്കാരിന്റെ ആദ്യ നീക്കങ്ങളിൽ ഒന്നായിരുന്നു വഖഫ് ഭേദഗതി ബിൽ. ഇസ്‌ലാമിക നിയമപ്രകാരം മതപരമോ, ജീവകാരുണ്യമോ, സ്വകാര്യമോ ആയ ആവശ്യങ്ങൾക്കായി ദൈവത്തിന്റെ പേരിൽ സമർപ്പിച്ചിരിക്കുന്ന സ്വത്തുക്കളെയാണ് വഖഫ് എന്ന് വിളിക്കുന്നത്.

1954ൽ വഖഫുകളുടെ പ്രവർത്തനം ഏകോപിപ്പിക്കാൻ കേന്ദ്ര സർക്കാർ നിയമം കൊണ്ടുവന്നു. വഖഫ് സ്വത്തുക്കളുടെ വിനിയോഗത്തിന് മേൽനോട്ടം വഹിക്കാൻ സംസ്‌ഥാന തലത്തിൽ വഖഫ് ബോർഡുകളും കേന്ദ്ര തലത്തിൽ വഖഫ് കൗൺസിലും നിലവിൽ വന്നു. 1995ൽ ഈ നിയമം റദ്ദാക്കി വഖഫ് ബോർഡുകൾക്ക് കൂടുതൽ അധികാരം നൽകുന്ന പുതിയ വഖഫ് നിയമം നടപ്പാക്കി. തുടർന്ന് 2013ൽ കൊണ്ടുവന്ന ഭേദഗതിയുടെ അടിസ്‌ഥാനത്തിലാണ്‌ ഇപ്പോൾ വഖഫിന്റെ പ്രവർത്തനം.

പുതിയ ഭേദഗതി നിയമപ്രകാരം 44 വകുപ്പുകളിലാണ് മാറ്റം വരിക. ഇനിമുതൽ കൃത്യമായ രേഖകൾ വച്ചുകൊണ്ട് മാത്രമേ വഖഫിന് ഭൂമി ഏറ്റെടുക്കാൻ സാധിക്കൂ. വസ്‌തു വഖഫ് ആക്കി മാറ്റാൻ വാക്കാലുള്ള ഉടമ്പടി മതിയെന്ന വ്യവസ്‌ഥ ഇല്ലാതാകും. വഖഫ് ബോർഡുകളുടെ അധികാര പരിധിയും സ്വത്ത് വിനിയോഗവും നിയന്ത്രിക്കപ്പെടുമെന്നതാണ് ഏറ്റവും പ്രധാന കാര്യം.

ഭേദഗതി പ്രകാരം ഭൂമി വഖഫിൽ പെട്ടതാണോ എന്ന് തീരുമാനിക്കാനുള്ള അധികാരം ബോർഡിന് നഷ്‌ടമാകും. പകരം വസ്‌തുവിന്റെ സർവേ ഉത്തരവാദിത്തം ജില്ലാ കലക്‌ടർമാർക്കായിരിക്കും. നിലവിൽ ഭൂരിപക്ഷം വഖഫ് ബോർഡ് അംഗങ്ങളും തിരഞ്ഞെടുക്കപ്പെടുന്നവരാണ്. എന്നാൽ, ഇനിമുതൽ സർക്കാരിന് മുഴുവൻ അംഗങ്ങളെയും നോമിനേറ്റ് ചെയ്യാം. സമുദായം നിയന്ത്രിക്കുന്ന ബോർഡുകളിൽ നിന്നും ട്രൈബ്യൂണലുകളിൽ നിന്നും വഖഫ് ഭരിക്കാനുള്ള അധികാരം ഭരണത്തിലിരിക്കുന്നവരുടെ നിയന്ത്രണത്തിലേക്ക് മാറും.

Most Read| രണ്ടാം ഭാര്യയുടെ പ്രേതത്തെ പേടി, 36 വർഷമായി സ്‌ത്രീ വേഷം കെട്ടി ജീവിക്കുന്ന പുരുഷൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE