പത്തനംതിട്ട: ഭാസ്‌കര കാരണവർ വധക്കേസ് കുറ്റവാളി ഷെറിന് പരോൾ. ഈ മാസം അഞ്ചുമുതൽ 23 വരെ രണ്ടാഴ്‌ചത്തെ പരോളാണ് അനുവദിച്ചത്. പരോൾ സ്വാഭാവിക നടപടിയാണെന്നാണ് ജയിൽ വകുപ്പിന്റെ വിശദീകരണം. ശിക്ഷായിളവ് നൽകി ഷെറിനെ മോചിപ്പിക്കാനുള്ള സർക്കാർ തീരുമാനം നേരത്തെ വിവാദമായിരുന്നു.
ഇതിനിടെ സഹതടവുകാരിയെ മർദ്ദിച്ചതിന് ഷെറിനെതിരെ കേസുമെടുത്തിരുന്നു. കണ്ണൂരിലെ വനിതാ ജയിലിലാണ് ഷെറിൻ ഇപ്പോഴുള്ളത്. ശിക്ഷായിളവ് നൽകി മോചിപ്പിക്കാനുള്ള മന്ത്രിസഭാ തീരുമാനം ശക്‌തമായ പ്രതിഷേധത്തെ തുടർന്ന് മരവിപ്പിക്കുകയായിരുന്നു. ജീവപര്യന്തം തടവിന്റെ ഏറ്റവും കുറഞ്ഞ കാലയളവായ 14 വർഷം പൂർത്തിയായതിന് പിന്നാലെ ശിക്ഷായിളവ് നൽകി ഷെറിനെ സ്വതന്ത്രയാക്കാനാണ് സർക്കാർ തീരുമാനിച്ചത്.
20ഉം 25ഉം വർഷമായി തടവിൽ കഴിയുന്ന പലരുടെയും അപേക്ഷകൾ ചവറ്റുകുട്ടയിൽ കിടക്കുമ്പോൾ ഷെറിന് കിട്ടിയ പരിഗണനയ്‌ക്ക് പിന്നിൽ ഒരു മന്ത്രിയുടെ കരുതൽ എന്ന ആക്ഷേപം പോലും ഉയർന്നിരുന്നു. 14 വർഷത്തെ ശിക്ഷായിളവിനുള്ളിൽ ഇതുവരെ 500 ദിവസം ഷെറിന് പരോൾ ലഭിച്ചിട്ടുണ്ട്. ഷെറിനെ വിട്ടയക്കുന്നതിനെതിരെ ഗവർണർക്കും പരാതി ലഭിച്ചിരുന്നു.
ഇതിൽ ഗവർണർ വിശദീകരണം ചോദിക്കുമെന്ന സൂചനയും സർക്കാറിന് ലഭിച്ചിരുന്നു. മന്ത്രിസഭാ തീരുമാനം ഗവർണറുടെ അംഗീകാരത്തിന് വിടാനുള്ള ഫയൽ ദിവസങ്ങൾക്കകം മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് കൈമാറിയെങ്കിലും സാഹചര്യം എതിരായതോടെ പിന്നീട് അനങ്ങിയില്ല. കഴിഞ്ഞ ഓഗസ്‌റ്റിൽ ചേർന്ന കണ്ണൂർ വനിതാ ജയിൽ ഉപദേശക സമിതിയാണ് ഷെറിന്റെ അകാല വിടുതലിന് ശുപാർശ നൽകിയത്.
2009 നവംബർ ഒമ്പതിനാണ് ചെങ്ങന്നൂർ സ്വദേശി ഭാസ്‌കര കാരണവർ കൊല്ലപ്പെട്ടത്. കേസിലെ ഒന്നാംപ്രതിയായിരുന്നു ഷെറിൻ. ഭാസ്‌കര കാരണവരുടെ മകന്റെ ഭാര്യയായിരുന്നു ഷെറിൻ. മരുമകൾ ഷെറിനും കാമുകനും ചേർന്നാണ് അമേരിക്കൻ മലയാളിയായ ഭാസ്‌കര കാരണവരെ കൊലപ്പെടുത്തിയത്.
Most Read| ആഹാ ഇത് കൊള്ളാലോ, വിൽപ്പനക്കെത്തിച്ച കോഴിയെ കണ്ട് കണ്ണുതള്ളി കടയുടമ!









































