തിരുവനന്തപുരം: രാജ്യാന്തര വിമാനത്താവളത്തിലെ എമിഗ്രേഷൻ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്‌ഥയായ മേഘയെ (25) ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ, സുഹൃത്തും സഹപ്രവർത്തകനുമായ സുകാന്തിനായുള്ള തിരച്ചിൽ കേരളത്തിന് പുറത്തേക്കും വ്യാപിപ്പിച്ച് പോലീസ്. രണ്ടു സംഘങ്ങളിൽ ഒന്ന് കേരളത്തിലും മറ്റൊന്ന് അയൽ സംസ്‌ഥാനങ്ങളിലുമാണ് തിരച്ചിൽ നടത്തുന്നത്.
യുവതിയുടെ മരണത്തിന് പിന്നാലെ കുടുംബാംഗങ്ങൾക്കൊപ്പം മുങ്ങിയ സുകാന്തിനെ കുറിച്ചുള്ള വ്യക്‌തമായ വിവരങ്ങൾ ഇനിയും പോലീസിന് ലഭിച്ചിട്ടില്ല. വീട്ടിൽ നിന്ന് സുകാന്തിന്റെ ഐ പാഡ്, മൊബൈൽ ഫോൺ തുടങ്ങിയവ പിടിച്ചെടുത്തിരുന്നു. ഇവ പരിശോധനക്കയച്ചു. മരിക്കുന്നതിന് മുൻപ് മേഘ അവസാനമായി സംസാരിച്ചത് സുകാന്തിനോടാണെന്ന് അന്വേഷണ സംഘം സ്‌ഥിരീകരിച്ചിട്ടുണ്ട്.
സുകാന്തിന്റെ ഫോൺ കോളിൽ നിന്നുണ്ടായ പ്രകോപനമാണ് ആത്‍മഹത്യ ചെയ്യാൻ മേഘയെ പ്രേരിപ്പിച്ചതെന്നാണ് കണ്ടെത്തൽ. യുവതിയുടെ മൊബൈൽ ഫോൺ നശിക്കപ്പെട്ടതിനാൽ കൂടുതൽ വിവരങ്ങൾ വ്യക്‌തമല്ലെന്ന് കേസ് അന്വേഷിക്കുന്ന ഡിസിപി നകുൽ രാജേന്ദ്ര ദേശ്‌മുഖ് പറഞ്ഞു. ഫോണിലെ വിവരങ്ങൾ വീണ്ടെടുക്കുന്നതിനായുള്ള നടപടികൾ പുരോഗമിക്കുകയാണ്.
കഴിഞ്ഞ 24നുണ്ടായ സംഭവത്തിന് ശേഷം 27ന് ശേഷമാണ് പ്രതിയെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചത്. അപ്പോഴേക്കും സുകാന്ത് ഒളിവിൽപ്പോയിരുന്നു. യുവതിയെ ഇയാൾ ശാരീരിക, മാനസിക, സാമ്പത്തിക ചൂഷണം നടത്തിയതിന് തെളിവ് ലഭിച്ചിട്ടുണ്ട്. മൂന്നുലക്ഷത്തിലധികം രൂപയുടെ സാമ്പത്തിക ഇടപാടുകൾ ഇരുവരും തമ്മിൽ നടത്തിയതായുള്ള ബാങ്ക് രേഖകളും ലഭിച്ചു. യുവതിയെ ഗർഭഛിദ്രത്തിന് കൊണ്ടുപോയതിലും സുകാന്തിന് പങ്കുണ്ട്. ഇയാളെ പിടികൂടി ചോദ്യം ചെയ്‌താലേ കൂടുതൽ കാര്യങ്ങളിൽ വ്യക്‌തത വരൂ എന്നും ഡിസിപി പറഞ്ഞു.
അതിനിടെ, കേസിൽ അന്വേഷണ ഉദ്യോഗസ്‌ഥർ അലംഭാവം കാണിച്ചെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട് പുറത്തുവന്നു. അന്വേഷണ ചുമതലകളിൽ നിന്ന് ഒഴിവാകുകയെന്ന ഉദ്ദേശ്യത്തോടെ തെളിവുകൾ ശേഖരിക്കുന്നതിലടക്കം പേട്ട പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്‌ഥർ മനഃപൂർവം ഉഴപ്പിയെന്നും കണ്ടെത്തി. റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ അന്വേഷണത്തിന്റെ നിയന്ത്രണം ഡിസിപി നകുൽ രാജേന്ദ്ര ദേശ്‌മുഖ് ഏറ്റെടുക്കുകയായിരുന്നു.
തിരുവനന്തപുരം വിമാനത്താവളത്തിലെ എമിഗ്രേഷൻ ഇന്റലിജൻസ് ബ്യൂറോയിൽ ജോലി ചെയ്‌തിരുന്ന പത്തനംതിട്ട സ്വദേശിനിയായ മേഘയെ മാർച്ച് 24ന് രാവിലെയാണ് പേട്ടയ്‌ക്കും ചാക്കയ്‌ക്കും ഇടയിലെ ട്രാക്കിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടത്. പത്തനംതിട്ട അതിരുങ്കൽ കാരയ്‌ക്കാക്കുഴി പൂഴിക്കാട് വീട്ടിൽ റിട്ട. ഗവ. ഐടിഐ പ്രിൻസിപ്പൽ മധുസൂദനന്റെയും പാലക്കാട് കലക്‌ടറേറ്റ് ജീവനക്കാരി നിഷയുടെയും ഏക മകളാണ് മേഘ.
Most Read| ഏറ്റവും കനംകുറഞ്ഞ നൂഡിൽസ്; ഇതാണ് ഗിന്നസ് റെക്കോർഡ് നേടിയ ആ മനുഷ്യൻ