മലപ്പുറം പ്രത്യേക രാജ്യം; വെള്ളാപ്പള്ളിയുടെ പ്രസ്‌താവനയെ ന്യായീകരിച്ച് മുഖ്യമന്ത്രി

മലപ്പുറം പ്രത്യേക രാജ്യമാണെന്നും പ്രത്യേകം ചില ആളുകളുടെ സംസ്‌ഥാനമാണെന്നും ഈ പ്രത്യേക രാജ്യത്ത് ഭയന്നു ജീവിക്കുന്ന ആളുകളാണ് ഇവിടെയുള്ള പിന്നാക്കക്കാരെന്നും സ്വതന്ത്രമായ വായു ശ്വസിച്ച് മലപ്പുറത്ത് ജീവിക്കാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ലെന്നുമുള്ള വെള്ളാപ്പള്ളിയുടെ പ്രസ്‌താവനയെ ന്യായീകരിച്ച് മുഖ്യമന്ത്രി.

By Staff Reporter, Malabar News
Justifying Vellappallys statement, the CM Pinarayi vijayan
ചിത്രത്തിന് കടപ്പാട്: FB/VKNatesan
Ajwa Travels

ആലപ്പുഴ: എസ്‌എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഒരു മതത്തിനെതിരായ നിലപാട് സ്വീകരിച്ചെന്ന വിവാദത്തിന് അടിസ്‌ഥാനം ഇല്ലെന്നും ഒരു മതത്തിനെതിരെയും നിലകൊള്ളുന്ന ആളല്ല വെള്ളാപ്പള്ളിയെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ന്യായീകരണം.

വെള്ളാപ്പള്ളി നടേശൻ എസ്‌എൻഡിപി യോഗത്തിന്റെ ജനറൽ സെക്രട്ടറിയായി 30 വർഷം പിന്നിട്ടതിന്റെ ഭാഗമായി ചേർത്തല യൂണിയൻ നൽകിയ സ്വീകരണം ഉൽഘാടനം ചെയ്‌ത്‌ സംസാരിക്കവേയാണ് മുഖ്യമന്ത്രി വാക്കുകൾ ഉണ്ടായത്. വാക്കുകളെ വക്രീകരിക്കാനും തെറ്റായി വ്യാഖ്യാനിക്കാനുമുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞത് ഒരു രാഷ്‌ട്രീയ പാർട്ടിക്കെതിരായാണെന്നും എന്നാൽ ചിലർ അതിനെ ഒരു മതത്തിനെതിരെ സംസാരിച്ചെന്ന നിലയിലാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

വെള്ളാപ്പള്ളിയെ അറിയാവുന്നവര്‍ക്കെല്ലാം അറിയാം അദ്ദേഹം ഏതെങ്കിലും മതത്തിന് എതിരായി നിലപാട് സ്വീകരിച്ച ചരിത്രമുള്ള ആളല്ല എന്ന്. എല്ലാ ഘട്ടത്തിലും വിവിധ മതങ്ങളുമായി യോജിച്ചുകൊണ്ടുള്ള ഒട്ടേറെ കാര്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ വ്യക്‌തിപരമായി തന്നെ നേതൃത്വം വഹിച്ച ആളാണ് വെള്ളാപ്പള്ളി. എന്നാലും തെറ്റിദ്ധാരണകള്‍ പരത്താനുള്ള അവസരം അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ ഭാഗമായി വന്നു. അത്തരം കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധയും അവധാനതയും വെള്ളാപ്പള്ളി പുലര്‍ത്തേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

വർഗീയ ശക്‌തികൾ രാജ്യത്തു ശക്‌തിപ്പെട്ടു വരുന്ന കാലമാണ് അതുകൊണ്ടുതന്നെ ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങൾക്കു പ്രസക്‌തി വർധിച്ചു. മതത്തിന്റെ പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കുന്ന കാലമാണ്. ഒരു വിഭാഗം മറ്റൊരു വിഭാഗത്തെ ശത്രുക്കളായി കാണുകയും ആ ശത്രുത വളർത്താൻ ഒരു വിഭാഗം നിലകൊള്ളുകയും ചെയ്യുന്നു. അതിൽ നിന്നു വ്യത്യസ്‌തമാണ് കേരളം. അതിനു കാരണമായത് ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങളാണ്. ഇടതുപക്ഷ പ്രസ്‌ഥാനങ്ങളുടെ ചരിത്രമെടുത്താൽ നവോഥാന പ്രസ്‌ഥാനങ്ങളുടെ ശരിയായ തുടർച്ചയാണെന്നു കാണാമെന്നും അദ്ദേഹം പറഞ്ഞു.

Vellappally Natesan, Thushar vellappally and Rajeev Chandrasekhar
ചിത്രത്തിന് കടപ്പാട്: FB/VKNatesan

എസ്എൻഡിപി യോഗത്തോടും പിന്നാക്ക സമുദായങ്ങളോടും എപ്പോഴും കരുണാപൂർവമായ സമീപനം സ്വീകരിക്കുന്ന നേതാവും ഭരണാധികാരിയുമാണ് പിണറായി വിജയനെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. സർക്കാരുമായുള്ള ഇടപെടലുകളിൽ പല കുറവുകളും ഉണ്ടാകാറുണ്ടെങ്കിലും അതൊന്നും പൊതുവേദിയിൽ പറയാതെ മുഖ്യമന്ത്രിയുമായി സ്വകാര്യമായി സംസാരിച്ച് പരിഹാരം ഉണ്ടാക്കാൻ ശ്രമിക്കുകയാണ് ചെയ്യാറുള്ളത്. നമ്മുടെ പ്രശ്‌നങ്ങൾ കേൾക്കാനും പരിഗണിക്കാനും നടപടികൾക്കും ആത്‌മാർഥമായ ഇടപെടലുകൾ അദ്ദേഹം നടത്താറുണ്ട്. സംസ്‌ഥാനത്തെ രാഷ്‌ട്രീയ സാഹചര്യങ്ങൾ വച്ചുനോക്കിയാൽ പിണറായി വിജയൻ തന്നെ ഭരണതുടർച്ചയിലേക്ക് എത്താനുള്ള കാലാവസ്‌ഥയാണ് ഇപ്പോഴുള്ളത്. മൂന്നാം വട്ടവും മുഖ്യമന്ത്രി പദത്തിലേക്ക് എത്താൻ അദ്ദേഹത്തിന് കഴിയട്ടെയെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

മലപ്പുറം ഒരു പ്രത്യേക രാജ്യമാണ്. പ്രത്യേകം ചില ആളുകളുടെ സംസ്‌ഥാനമാണ്. പ്രത്യേക രാജ്യത്ത് ഭയന്നു ജീവിക്കുന്ന ആളുകളാണ് ഇവിടെയുള്ള പിന്നാക്കക്കാർ. സ്വതന്ത്രമായ വായു ശ്വസിച്ച് മലപ്പുറത്ത് ജീവിക്കാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല. സ്വതന്ത്രമായ ഒരഭിപ്രായം പറഞ്ഞുപോലും ജീവിക്കാൻ സാധിക്കില്ല. ഇന്ത്യക്ക് സ്വാതന്ത്ര്യംകിട്ടി ഇത്രയും നാളായിട്ടുപോലും സ്വാതന്ത്ര്യത്തിന്റെ ഗുണഫലങ്ങളുടെ ഒരംശംപോലും പിന്നാക്കവിഭാഗങ്ങൾക്ക് മലപ്പുറത്ത് കിട്ടിയില്ല, വോട്ടുകുത്തിയന്ത്രങ്ങൾ മാത്രം എന്നിങ്ങനെയായിരുന്നു പ്രസംഗം.

Vellappallys and CM Pinarayi vijayan
ചിത്രത്തിന് കടപ്പാട്: FB/VKNatesan

നിങ്ങൾക്ക് പഠിക്കാൻ മലപ്പുറത്ത് ഒരു കുടിപ്പള്ളിക്കൂടമെങ്കിലും തരുന്നുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. എസ്‌എൻഡിപി യൂണിയന് സംസ്‌ഥാനത്തുള്ള ആകെ കോളേജുകളുടെ എണ്ണം ഒരു വിഭാഗത്തിന് കോട്ടയത്ത് മാത്രമുണ്ടെന്നും വെള്ളാപ്പള്ളി പ്രസംഗത്തിൽ പറഞ്ഞിരുന്നു.

എസ്‌എൻഡിപി യോഗത്തിന്റെ ആഭിമുഖ്യത്തിൽ കേരളത്തിൽ രൂപംകൊണ്ട, നിലവിൽ എൻഡിഎയുടെ ഭാഗമായ രാഷ്‌ട്രീയ പാർട്ടി, ഭാരത് ധർമ്മ ജന സേന (ബിഡിജെഎസ്)യുടെ പ്രസിഡണ്ട് തുഷാർ വെള്ളാപ്പള്ളിയാണ്‌. 2015 ഡിസംബർ 5ന് തിരുവനന്തപുരത്തെ ശംഖുമുഖം കടപ്പുറത്ത് നടന്ന സമത്വ മുന്നേറ്റ യാത്രയിൽ എസ്‌എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണ് പാർട്ടിയുടെ രൂപീകരണം പ്രഖ്യാപിച്ചത്. ബിജെപി സംസ്‌ഥാന അദ്ധ്യക്ഷനായ ശേഷംരാജീവ് ചന്ദ്രശേഖർ കഴിഞ്ഞ ദിവസം കണിച്ചുകുളങ്ങരയിലെ വെള്ളാപ്പള്ളി വസതിയിൽ എത്തി കൂടിക്കാഴ്‌ച നടത്തിയിരുന്നു.

MOST READ | കൊവിഡ് രോഗിയെ പീഡിപ്പിച്ച നൗഫലിന് ജീവപര്യന്തം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE