തിരുവനന്തപുരം: എഡിജിപി എംആർ അജിത് കുമാറിനെ കുറ്റവിമുക്‌തനാക്കിയുള്ള വിജിലൻസ് റിപ്പോർട് മുഖ്യമന്ത്രി അംഗീകരിച്ചു. ഇന്നലെ കണ്ണൂരിൽ നിന്നെത്തിയ മുഖ്യമന്ത്രി ഫയൽ വിളിച്ചുവരുത്തി ഒപ്പിടുകയായിരുന്നു. ഇതോടെ, മുൻ എംഎൽഎ പിവി അൻവർ ഉന്നയിച്ച ആരോപണങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ അജിത് കുമാറിന് സർക്കാരിന്റെ ക്ളീൻ ചിറ്റ് ലഭിച്ചു.
അനധികൃത സ്വത്ത് സമ്പാദനം, കവടിയാറിലെ ആഢംബര വീട് നിർമാണം, കുരുവൻകോണത്തെ ഫ്‌ളാറ്റ് വിൽപ്പന, മലപ്പുറം എസ്‌പിയുടെ ക്യാംപ് ഓഫീസിലെ മരംമുറി എന്നീ ആരോപണങ്ങളിലാണ് എഡിജിപിക്ക് അനുകൂലമായ റിപ്പോർട് അന്വേഷണ സംഘം വിജിലൻസ് ആസ്‌ഥാനത്ത് സമർപ്പിച്ചിരുന്നത്. ഈ റിപ്പോർട്ടാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇപ്പോൾ അംഗീകരിച്ചത്.
ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഉടൻ പുറത്തിറങ്ങും. വിജിലൻസ് പ്രത്യേക അന്വേഷണ സംഘത്തിലെ ഡിവൈഎസ്‌പി ഷിബു പാപ്പച്ചന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്. ഓഗസ്‌റ്റ് അവസാനം പത്തനംതിട്ട എസ്‌പിയായിരുന്ന എസ് സുജിത് ദാസുമായുള്ള ഫോൺ സംഭാഷണം പിവി അൻവർ എംഎൽഎ പുറത്തുവിട്ടതോടെയാണ് എഡിജിപി എംആർ അജിത് കുമാറുമായി ബന്ധപ്പെട്ട ആരോപണങ്ങൾ പൊതുസമൂഹത്തിലേക്ക് എത്തുന്നത്.
എന്നാൽ, എംആർ അജിത് കുമാറിനെതിരായ ഒരു ആരോപണത്തിലും കഴമ്പില്ലെന്നാണ് വിജിലൻസ് കണ്ടെത്തൽ. വ്യാജമൊഴി നൽകിയതിൽ പി വിജയൻ നൽകിയ പരാതിയിൻമേലുള്ള തീരുമാനം വൈകുന്നതിനിടെയാണ് അജിത് കുമാറുമായി ബന്ധപ്പെട്ട വിജിലൻസ് റിപ്പോർട്ടിന് അംഗീകാരം നൽകിയത്. പി വിജയനെതിരെ വ്യാജമൊഴി നൽകിയ സംഭവത്തിൽ എംആർ അജിത് കുമാറിനെതിരെ കേസെടുക്കാൻ ശുപാർശ നൽകിയിരുന്നു.
Related News| എംആർ അജിത് കുമാറിന് വിജിലൻസിന്റെ ക്ളീൻ ചിറ്റ്; റിപ്പോർട് സമർപ്പിച്ചു