കൊച്ചി: നടൻ ഷൈൻ ടോം ചക്കോയ്‌ക്കെതിരായ വെളിപ്പെടുത്തലിൽ നടി വിൻസി അലോഷ്യസിന്റെ മൊഴിയെടുക്കാൻ അനുമതി തേടി എക്‌സൈസ്. എന്നാൽ, നിയമനടപടിക്ക് താൽപര്യമില്ലെന്നും സിനിമയിലെ പരാതി സിനിമയിൽ തീർക്കുമെന്നുമാണ് കുടുംബത്തിന്റെ നിലപാട്. ഇക്കാര്യം കുടുംബം എക്‌സൈസിനെ അറിയിച്ചു.
വിൻസിയുടെ ആരോപണങ്ങളിൽ കേസെടുക്കുന്ന കാര്യത്തിൽ പോലീസിലും ആശയക്കുഴപ്പം തുടരുകയാണ്. ഉന്നത പോലീസ് ഉദ്യോഗസ്‌ഥർ വിൻസിയോട് സംസാരിച്ച ശേഷമാകും കേസെടുക്കണമോയെന്ന കാര്യത്തിൽ തീരുമാനമെടുക്കുക. ഒരു നടൻ ലഹരി ഉപയോഗിച്ച് തന്നോട് മോശമായി പെരുമാറിയെന്നും, ആ നടൻ ഷൈൻ ടോം ചാക്കോ ആണെന്നുമായിരുന്നു വിൻസിയുടെ ആരോപണം.
അതേസമയം, ഷൈനിനെതിരായ ആരോപണങ്ങളിൽ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ നിലപാട് ഇന്ന് പ്രഖ്യാപിക്കും. ഷൈനിനെതിരെ ഉയർന്ന ആരോപണങ്ങൾ അന്വേഷിക്കാൻ ‘അമ്മ’ നിയോഗിച്ച മൂന്നംഗ സമിതിയുടെ റിപ്പോർട് ഇന്ന് കൈമാറിയേക്കുമെന്നാണ് സൂചന. റിപ്പോർട് ലഭിച്ച ശേഷമാകും തുടർ നടപടികൾ.
ഷൈനിനെ സംഘടനയിൽ നിന്ന് പുറത്താക്കണമെന്നതടക്കമുള്ള ആവശ്യങ്ങൾ ശക്‌തമാണ്. വിൻസിയുടെ പരാതിയിൽ നിരവധിയാളുകളാണ് പിന്തുണയുമായി രംഗത്തെത്തുന്നത്. ഷൈനിനെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് ഫിലിം ചേംബറും അറിയിച്ചിട്ടുണ്ട്. അതേസമയം, ഡാൻസാഫ് പരിശോധനക്കിടെ ഹോട്ടലിൽ നിന്ന് ഓടിരക്ഷപ്പെട്ട ഷൈൻ എങ്ങോട്ടാണ് പോയതെന്ന് വ്യക്‌തമല്ല. പോലീസ് അന്വേഷണം തുടരുകയാണ്.
ഇതിനിടെയും നടൻ തന്റെ ഇൻസ്‌റ്റഗ്രാം പേജിൽ പരിഹാസ പോസ്‌റ്റുകളുമായി സജീവമാണ്. കൊച്ചിയിൽ നിന്ന് ഇന്നലെ രാവിലെ തൃശൂരിലെത്തിയ നടൻ തമിഴ്‌നാട്ടിലേക്ക് കടന്നതായാണ് വിവരം. പൊള്ളാച്ചിയിലെ ഒരു റിസോർട്ടിൽ നടൻ ഉണ്ടെന്നാണ് സൂചന.
Most Read| വഖഫ് ബൈ യൂസർ ഭൂമി അതുപോലെ തന്നെ തുടരണം; സുപ്രീം കോടതി