കൊച്ചി: ഡാൻസാഫ് പരിശോധനക്കിടെ ഹോട്ടലിൽ നിന്ന് ഓടിരക്ഷപ്പെട്ട നടൻ ഷൈൻ ടോം ചാക്കോയ്ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്. ഷൈനിന്റെ തൃശൂർ തൈപ്പറമ്പിലെ വീട്ടിലെത്തിയാണ് പോലീസ് നോട്ടീസ് നൽകിയത്. ഷൈൻ വീട്ടിലില്ലാത്തതിനാൽ വീട്ടുകാർക്കാണ് പോലീസ് നോട്ടീസ് കൈമാറിയത്.
നാളെ രാവിലെ പത്തുമണിക്ക് എറണാകുളം നോർത്ത് സ്റ്റേഷനിൽ ഹാജരാകണമെന്നാണ് കൊച്ചി സിറ്റി പോലീസിന്റെ നിർദ്ദേശം. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ ലഹരി പരിശോധനയ്ക്ക് ഡാൻസാഫ് സംഘമെത്തിയപ്പോൾ അവിടെയുണ്ടായിരുന്ന ഷൈൻ പ്രകോപനമേതുമില്ലാതെ ഇറങ്ങി ഓടിയതിലാണ് പോലീസ് വിശദീകരണം തേടുക.
ഷൈൻ നാളെ ചോദ്യം ചെയ്യലിന് ഹാജരാകുമെന്ന് കുടുംബം അറിയിച്ചതായി പോലീസ് പറഞ്ഞു. ഷൈൻ ശനിയാഴ്ച വൈകിട്ട് മൂന്നിന് എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിൽ ഹാജരാകുമെന്നാണ് പിതാവ് ചാക്കോ മാദ്ധ്യമങ്ങളോട് പറഞ്ഞത്. ഇങ്ങനെ പല ഓലപ്പാമ്പുകൾ വരുമെന്നും കേസാകുമ്പോൾ നോക്കാമെന്നും പിതാവ് പ്രതികരിച്ചു. ഷൈനിന്റെ മൊബൈൽ ഫോൺ ഇപ്പോഴും സ്വിച്ച് ഓഫാണ്. എന്നാൽ, സാമൂഹിക മാദ്ധ്യമങ്ങളിൽ നടൻ സജീവമാണ്.
ഷൈൻ ഇന്നലെ രാത്രി പൊള്ളാച്ചിയിൽ എത്തിയതായാണ് വിവരം. പൊള്ളാച്ചിയിലെ ഒരു റിസോർട്ടിലാണ് താമസം. ടവർ ലൊക്കേഷൻ വഴിയാണ് പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഷൈനിനെതിരെ നിലവിൽ കേസില്ലെന്ന് കൊച്ചി നാർക്കോട്ടിക് എസിപി അബ്ദുൽ സലാം പറഞ്ഞു. ഹോട്ടലിലെ പരിശോധനയിൽ നടനെതിരെ തെളിവ് ലഭിച്ചിട്ടില്ലെന്നും എസിപി പറഞ്ഞു.
Most Read| വഖഫ് ബൈ യൂസർ ഭൂമി അതുപോലെ തന്നെ തുടരണം; സുപ്രീം കോടതി