സന: യെമനിലെ ഹൂതി കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് യുഎസ് നടത്തുന്ന വ്യോമാക്രമണത്തിൽ മരണസംഖ്യ 70 കവിഞ്ഞു. 74 പേർ മരിച്ചതായാണ് റിപ്പോർട്. ഹൂതി കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് യുഎസ് നടത്തിയ ആക്രമണങ്ങളിൽ ഏറ്റവും നാശം വിതച്ച ആക്രമണമാണ് നടന്നതെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം, ഇസ്രയേലിനും യുഎസിനും എതിരായ ആക്രമണങ്ങൾ തുടരുമെന്ന മുന്നറിയിപ്പുമായി ഹൂതികൾ രംഗത്തെത്തി. ഗാസയിലെ ഇസ്രയേൽ ആക്രമണം അവസാനിപ്പിക്കുന്നതുവരെ പലസ്തീൻ ജനതയെ പിന്തുണക്കുമെന്നും ഹൂതികൾ വ്യക്തമാക്കി. ഒരു മാസത്തിലേറെയായി യെമനിൽ യുഎസ് നടത്തുന്ന ആക്രമണങ്ങൾ കൂടുതൽ ഏറ്റുമുട്ടലുകൾക്ക് മാത്രമേ കാരണമാകൂ എന്നും ഹൂതികൾ പറഞ്ഞു.
വ്യാഴാഴ്ചയാണ് റാസ് ഇസ എണ്ണ തുറമുഖത്ത് യുഎസ് ആക്രമണം നടത്തിയത്. ഹൂതികളെ ലക്ഷ്യമിട്ട് മാർച്ചിൽ ആരംഭിച്ച ആക്രമണങ്ങളിൽ ഏറ്റവും വലിയ ആക്രമണമാണ് ഇതെന്നാണ് റിപ്പോർട്ടുകൾ. ആക്രമണത്തിൽ 74 പേർ മരിക്കുകയും 171 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി വിദേശ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്തു.
ഹൂതികളുടെ സാമ്പത്തിക അടിത്തറ തകർക്കുക എന്നത് ലക്ഷ്യമിട്ടാണ് റാസ് ഇസ ഫ്യുവൽ പോർട്ടിൽ ആക്രമണം നടത്തിയതെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ചെങ്കടലിലെ ചരക്ക് നീക്കത്തിന് തടസപ്പെടുത്തുന്ന തരത്തിൽ ആക്രമണം നടത്തുന്ന ഹൂതികളെ നിയന്ത്രിക്കുക എന്നത് ലക്ഷ്യമിട്ടാണ് യുഎസ് യെമനിലെ ഹൂതി കേന്ദ്രങ്ങളിൽ ആക്രമണം തുടങ്ങിയത്. കഴിഞ്ഞമാസം ആരംഭിച്ച ആക്രമണങ്ങളുടെ തുടർച്ചയാണ് വ്യാഴാഴ്ച നടന്നത്.
Most Read| ലോകത്തിലെ ഏറ്റവും വലിയ വായ; ലോക റെക്കോർഡ് നേടി മേരി പേൾ








































