ന്യൂഡൽഹി: പഹൽഗാം ആക്രമണത്തിന് പിന്നാലെ പാക്കിസ്‌ഥാനെ സാമ്പത്തികമായി വരിഞ്ഞുമുറുക്കാനുള്ള നീക്കങ്ങൾ ആരംഭിച്ച് ഇന്ത്യ. രാജ്യാന്തര വേദികളിൽ പാക്കിസ്‌ഥാനെ ഒറ്റപ്പെടുത്തി സമ്മർദ്ദം ശക്‌തമാക്കാനാണ് ഇന്ത്യയുടെ ശ്രമം. ഭീകരപ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടി പാക്കിസ്‌ഥാന് അന്താരാഷ്‌ട്ര ബാങ്കുകളിൽ നിന്ന് ലഭിക്കുന്ന വായ്‌പകൾ തടയുകയാണ് ലക്ഷ്യം.
രാജ്യാന്തര നാണയ നിധി (ഐഎംഎഫ്), കള്ളപ്പണം വെളുപ്പിക്കൽ തടയുന്നത് ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സ് (എഫ്എടിഎഫ്), യുഎൻ എന്നീ വേദികളിൽ പാക്കിസ്‌ഥാനെതിരെ നീക്കം ശക്‌തമാക്കാനാണ് ഇന്ത്യയുടെ തീരുമാനം. ലോകബാങ്കിനെ സമീപിക്കാനും നീക്കമുണ്ട്.
പാക്കിസ്‌ഥാന് ഫണ്ടുകളും വായ്‌പകളും നൽകുന്നത് പുനഃപരിശോധിക്കണമെന്ന് എംഎംഎഫിനോട് ഇന്ത്യ ആവശ്യപ്പെടും. പാക്കിസ്‌ഥാനെ ‘ഗ്രേ’ പട്ടികയിൽ വീണ്ടും ഉൾപ്പെടുത്തണമെന്നാകും എഫ്എടിഎഫിനോട് ആവശ്യപ്പെടുക. ഐഎംഎഫിന്റെ സാമ്പത്തിക സഹായത്തോടെയാണ് പാക്കിസ്‌ഥാൻ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറിക്കൊണ്ടിരിക്കുന്നത്.
കഴിഞ്ഞവർഷം 700 കോടി ഡോളറാണ് ഐഎംഎഫ് പാക്കിസ്‌ഥാന് വായ്‌പ നൽകിയത്. മാർച്ചിൽ 130 കോടിയുടെ സഹായവും നൽകിയിരുന്നു. മേയ് ഒമ്പതിന് ഐഎംഎഫ് എക്‌സിക്യൂട്ടീവ് ബോർഡ് പാക്കിസ്‌ഥാൻ ഉദ്യോഗസ്‌ഥരുമായി കൂടിക്കാഴ്‌ച നടത്താനിരിക്കെയാണ് ഇന്ത്യ ആവശ്യം ശക്‌തമാക്കുന്നത്. ഐഎംഎഫിൽ നിന്നുള്ള പണം മുടങ്ങിയാൽ പാക്കിസ്‌ഥാൻ സമ്പദ്‌വ്യവസ്‌ഥയ്‌ക്ക് കനത്ത തിരിച്ചടിയാകും ഉണ്ടാവുക.
അതിനിടെ, അതിർത്തിയിൽ പാക്കിസ്‌ഥാൻ പ്രകോപനം തുടരുകയാണ്. നിയന്ത്രണരേഖയിൽ പാക്കിസ്‌ഥാൻ വെടിനിർത്തൽ ലംഘിച്ചു. കുപ്‍വാര, ഉറി, അഖ്‌നൂർ മേഖലകളിലാണ് വെടിവയ്‌പ്പ് തുടരുന്നത്. ഇത് ഒമ്പതാം തവണയാണ് പാക്കിസ്‌ഥാൻ നിയന്ത്രണരേഖയിൽ വെടിനിർത്തൽ ലംഘിക്കുന്നത്.
Most Read| വില 18 ലക്ഷം മുതൽ ഒരുകോടി വരെ! ഇതാണ് ‘ആഷെറ’ എന്ന ‘പുലിക്കുട്ടി’







































