ന്യൂഡെൽഹി: രാജസ്ഥാൻ അതിർത്തിയിൽ നിന്ന് പാക്ക് റേഞ്ചറെ ബിഎസ്എഫ് പിടികൂടിയതായി റിപ്പോർട്. ഇന്ത്യൻ അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായതെന്നാണ് വിവരം. ഇന്ന് രാവിലെയോടെയാണ് അറസ്റ്റ് ഉണ്ടായത്. പാക്ക് ജവാനെ ചോദ്യം ചെയ്തുവരികയാണ്.
26 പേർ കൊല്ലപ്പെട്ട പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ-പാക്ക് ബന്ധം വഷളായിരുന്നു. ഇതിനിടെ അബദ്ധത്തിൽ നിയന്ത്രണരേഖ മറികടന്ന ഇന്ത്യൻ ജവാനെ പാകിസ്ഥാൻ കസ്റ്റഡിയിലാക്കിയിരുന്നു. 182ആം ബറ്റാലിയനിലെ കോൺസ്റ്റബിൾ പികെ സിങ്ങിനെയാണ് ഏപ്രിൽ 23ന് ഫിറോസ്പുർ അതിർത്തിക്ക് സമീപത്ത് നിന്ന് പാക്കിസ്ഥാൻ കസ്റ്റഡിയിലെടുത്തത്.
ജവാന്റെ മോചനത്തിനായി ഇരുസേനകളും തമ്മിൽ ചർച്ചകൾ തുടരുന്നതിനിടെയാണ് പാക്ക് റേഞ്ചർ പിടിയിലാകുന്നത്. അതിനിടെ, പഹൽഗാം ഭീകരാക്രമണത്തിന്റെ പാശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുല്ലയും ഇന്ന് വൈകീട്ട് നിർണായക കൂടിക്കാഴ്ച നടത്തി. ഭീകരാക്രമണത്തിന് ശേഷം ഇരുവരും ആദ്യമായാണ് കൂടിക്കാഴ്ച നടത്തുന്നത്.
Most Read| നിർണായക ധാതുകരാറിൽ ഒപ്പുവെച്ച് യുഎസും യുക്രൈനും; റഷ്യയ്ക്ക് മുന്നറിയിപ്പ്








































