ശ്രീനഗർ: പാക്ക് പ്രകോപനം തുടരുന്നതിനിടെ ഡെൽഹിയിൽ തിരക്കിട്ട ചർച്ചകൾ. പ്രതിരോധമന്ത്രി രാജ്നാഥ് സിങ് സംയുക്ത സേനാ മേധാവിയുമായും കര, നാവിക, വ്യോമ സേനകളുടെ മേധാവിമാരുമായും കൂടിക്കാഴ്ച നടത്തുകയാണ്. പ്രതിരോധ മന്ത്രി ഉടൻ പ്രധാനമന്ത്രിയെ കാണും. ഇതിന് ശേഷം പ്രധാനമന്ത്രി രാഷ്ട്രപതിയെ കണ്ടേക്കും.
വ്യാഴാഴ്ച നടന്ന ഏറ്റുമുട്ടലിന്റെയും തുടർ നടപടികളുടെയും പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച. അതിനിടെ, മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ ഇന്ത്യ പരാജയപ്പെടുത്തിയതിന് പിന്നാലെ നിയന്ത്രണ രേഖയ്ക്ക് (എൻഒസി) സമീപം പാക്കിസ്ഥാൻ സൈന്യം വെടിവയ്പ്പ് പുനരാരംഭിച്ചു. ജമ്മു കശ്മീരിലെ കുപ്വാര, ഉറി മേഖലകളിലാണ് ഇന്ന് പുലർച്ചെ പാക്ക് സൈന്യം വീണ്ടും വെടിവയ്പ്പ് നടത്തിയത്. ഇതിന് ശക്തമായ തിരിച്ചടിയാണ് സൈന്യം നൽകുന്നത്.
ഉറിയിലെ ഷെല്ലാക്രമണത്തിൽ ഒരു സ്ത്രീ മരിച്ചു. ഇതോടെ പാക്ക് ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 16 ആയി. ഇന്നലെ രാത്രി ജമ്മു കശ്മീർ, പഞ്ചാബ്, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ മിസൈൽ- ഡ്രോൺ ആക്രമണം അഴിച്ചുവിട്ട പാക്കിസ്ഥാന് ഇന്ത്യ ശക്തമായ മറുപടിയാണ് നൽകിയത്. ജമ്മു വിമാനത്താവളത്തിന് സമീപം ഒരു ഡ്രോണും യൂണിവേഴ്സിറ്റിക്ക് സമീപം രണ്ടു ഡ്രോണുകളും തകർത്തു. എട്ട് മിസൈലുകളെയും നിഷ്പ്രഭമാക്കി.
ജമ്മു കശ്മീരിലെ എല്ലാ ജില്ലകളിലും പഞ്ചാബിലെ പഠാൻകോട്ട്, അമൃത്സർ, മൊഹാലി, ഗുർദാസ്പുർ ജില്ലകളിലും ചണ്ഡീഗഡിലും പലതവണ വൈദ്യുതി വിച്ഛേദിച്ച് സമ്പൂർണ ബ്ളാക്ഔട്ട് നടപ്പാക്കി. പഞ്ചാബിലെ ആറ് അതിർത്തി ജില്ലകളിൽ സ്കൂളുകൾ അടച്ചു. രാജ്യത്താകെ 24 വിമാനത്താവളങ്ങൾ അടച്ചുപൂട്ടി.
അതിനിടെ, അതിർത്തി ഗ്രാമങ്ങളിൽ മുന്നറിയിപ്പ് നിലനിൽക്കെ ചണ്ഡീഗഡിലും കനത്ത ജാഗ്രതാ നിർദ്ദേശം നൽകി. ഇന്ന് രാവിലെ അപായ സൈറൺ മുഴങ്ങി. ആളുകളോട് പുറത്തിറങ്ങാതെ വീട്ടിൽ തന്നെ തുടരാനും ആക്രമണത്തിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകി.
Most Read| വില 18 ലക്ഷം മുതൽ ഒരുകോടി വരെ! ഇതാണ് ‘ആഷെറ’ എന്ന ‘പുലിക്കുട്ടി’