ന്യൂഡെൽഹി: ദിവസങ്ങൾ നീണ്ട ആക്രമണങ്ങൾക്കും പ്രത്യാക്രമണങ്ങൾക്കും പിന്നാലെ പാക്കിസ്‌ഥാനുമായി വെടിനിർത്തലിന് ധാരണയായെന്ന് ഇന്ത്യ. ഇരു രാജ്യങ്ങളും തമ്മിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം. ഇന്ന് വൈകീട്ട് അഞ്ചുമണിമുതൽ കര, വ്യോമ, നാവികസേനാ നടപടികളെല്ലാം നിർത്തിവെക്കാൻ ധാരണയായെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
വെടിനിർത്തൽ പ്രഖ്യാപിക്കുകയാണെന്ന് പാക്കിസ്‌ഥാൻ ഉപപ്രധാനമന്ത്രി ഇഷാക് ധറും പ്രഖ്യാപിച്ചു. ഇന്ത്യ-പാക്കിസ്‌ഥാൻ വെടിനിർത്തലിന് ധാരണയായെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് സാമൂഹിക മാദ്ധ്യമത്തിൽ പോസ്‌റ്റ് ഇട്ടതിന് പിന്നാലെയാണ് ഇത് സംബന്ധിച്ച് ഇരു രാജ്യങ്ങളുടെയും പ്രഖ്യാപനം.
സമ്പൂർണവും അടിയന്തരവുമായ വെടിനിർത്തലിന് ഇന്ത്യയും പാക്കിസ്‌ഥാനും സമ്മതിച്ചെന്നാണ് ട്രംപ് അറിയിച്ചിരുന്നത്. അമേരിക്ക ഇടപെട്ട് നടത്തിയ നയതന്ത്ര ചർച്ചകൾക്കൊടുവിലാണ് ഇക്കാര്യത്തിൽ ധാരണയായതെന്നും ട്രംപ് പ്രഖ്യാപിച്ചു. രാത്രി മുഴുവൻ നീണ്ട കൂടിയാലോചനകളെ തുടർന്നാണ് തീരുമാനമെന്നും ബുദ്ധിപരമായ നീക്കത്തിന് ഇന്ത്യയെയും പാക്കിസ്‌ഥാനെയും അഭിനന്ദിക്കുന്നുവെന്നും ട്രംപ് പോസ്‌റ്റിൽ പറഞ്ഞിരുന്നു.
യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായും പാക്ക് സൈനിക മേധാവി അസിം മുനീറുമായും ചർച്ച നടത്തിയിരുന്നുവെന്ന് ഉച്ചയ്‌ക്ക് സ്‌ഥിരീകരിച്ചിരുന്നു. 48 മണിക്കൂർ നീണ്ട ചർച്ചകൾക്ക് പിന്നാലെയാണ് വെടിനിർത്താൻ ഇരുരാജ്യങ്ങളും തയ്യാറായത്.
ട്രംപിന്റെ നേതൃത്വത്തിൽ വൈസ് പ്രസിഡണ്ട് ജെഡി വാൻസും സ്‌റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും മധ്യസ്‌ഥ ചർച്ചകൾക്ക് നേതൃത്വം നൽകുകയായിരുന്നു എന്നാണ് റിപ്പോർട്. അതേസമയം, ഈ മാസം 12ന് ഉച്ചയ്‌ക്ക് 12 മണിക്ക് ഇന്ത്യയുടേയും പാക്കിസ്‌ഥാന്റെയും മിലിട്ടറി ഓപ്പറേഷൻസ് ഡിജിമാർ വീണ്ടും ചർച്ച നടത്തും.
ജമ്മു കശ്‌മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾ ഉൾപ്പടെ 26 പേർ കൊല്ലപ്പെട്ട ഭീകരാക്രമണത്തിൽ പാക്കിസ്‌ഥാൻ പങ്ക് തെളിഞ്ഞതോടെയാണ് പാക്കിസ്‌ഥാനിലെ ഒമ്പത് ഭീകര കേന്ദ്രങ്ങൾ ലക്ഷ്യംവെച്ച് ഇന്ത്യ ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരിൽ ശക്‌തമായി തിരിച്ചടിച്ചത്. മെയ് ഏഴിന് ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി പാക്കിസ്‌ഥാനിലെയും പാക്ക് അധിനിവേശ ജമ്മു കശ്‌മീരിലെയും ഭീകര കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യ മിസൈൽ ആക്രമണം നടത്തിയിരുന്നു.
ഇതിന് പിന്നാലെയാണ് അതിർത്തി ഗ്രാമങ്ങളെയും സൈനിക കേന്ദ്രങ്ങളെയും ലക്ഷ്യംവെച്ച് പാക്കിസ്‌ഥാൻ പ്രത്യാക്രമണം നടത്തുന്നത്. അതിനിടെ, പാക്കിസ്‌ഥാന്റെ ഭാഗത്ത് നിന്ന് നടത്തുന്ന ഏതൊരു ഭീകര പ്രവർത്തനവും ഇനി യുദ്ധമായി കണക്കാക്കുമെന്നും അതനുസരിച്ച് ഇന്ത്യ ശക്‌തമായി തിരിച്ചടിക്കുമെന്നും കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചിരുന്നു.
Most Read| ചൂട് കൂടും; 11 ജില്ലകളിൽ യെല്ലോ അലർട്, കാലവർഷം 27ന് എത്തിയേക്കും