ഇസ്ലാമാബാദ്: ഇന്ത്യയുമായി ഉണ്ടാക്കിയ വെടിനിർത്തൽ കരാർ വിശ്വസ്തതയോടെ നടപ്പാക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. പാക്കിസ്ഥാൻ സൈന്യം ഉത്തരവാദിത്തത്തോടെയും സംയമനത്തോടെയുമാണ് സാഹചര്യം കൈകാര്യം ചെയ്യുന്നതെന്നും ഷഹബാസ് ഷെരീഫ് അവകാശപ്പെട്ടു.
പാക്കിസ്ഥാൻ കരാർ ലംഘിച്ചുവെന്ന ഇന്ത്യയുടെ ആരോപണത്തിന് പിന്നാലെ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഷഹബാസ് ഷെരീഫിന്റെ പ്രതികരണം. രാജസ്ഥാനിലെ ബാർമർ, ജമ്മു കശ്മീരിലെ ബാരാമുള്ള എന്നിവയുൾപ്പടെയുള്ള മേഖലകളിൽ പാക്കിസ്ഥാൻ സൈന്യം ഷെല്ലാക്രമണവും ഡ്രോണാക്രമണവും നടത്തിയതിന് പിന്നാലെയായിരുന്നു ഷഹബാസ് ഷെരീഫിന്റെ പുതിയ പ്രസ്താവന.
ഇന്ത്യ- പാക്ക് വെടിനിർത്തലിന് പിന്നാലെ പാക്കിസ്ഥാൻ കരാർ ലംഘിച്ചെന്ന് ഇന്ത്യ സ്ഥിരീകരിച്ചിരുന്നു. വിദേശകാര്യ സെക്രട്ടറി രാത്രി വൈകി വിളിച്ച വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം പ്രസ്താവിച്ചത്. ഇന്നലെ വൈകീട്ട് അഞ്ചുമണിയോടെ നിലവിൽ വന്ന വെടിനിർത്തൽ ധാരണ പാക്കിസ്ഥാൻ തുടർച്ചയായി ലംഘിച്ചു. പാക്ക് നടപടിയെ അപലപിച്ച ഇന്ത്യ, ആവശ്യമെങ്കിൽ തിരിച്ചടിക്കാൻ സേനയ്ക്ക് നിർദ്ദേശം നൽകിയതായും വിക്രം മിസ്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
എന്നാൽ, ഇന്ത്യയുടെ ആരോപണം തള്ളിയാണ് ഷഹബാസ് ഷെരീഫ് രംഗത്തെത്തിയത്. ”ഇന്ത്യയാണ് ലംഘനങ്ങൾ നടത്തുന്നത്. ഞങ്ങളുടെ സൈന്യം ഉത്തരവാദിത്തത്തോടെയും സംയമനത്തോടെയും സാഹചര്യം കൈകാര്യം ചെയ്യുന്നുണ്ട്. വെടിനിർത്തൽ സുഗമമായി നടപ്പാക്കുന്നതിനായി ആശയവിനിമയം നടത്തി പരിഹാരം ഉണ്ടാക്കണം. സൈനികർ സംയമനം പാലിക്കണം”- ഷഹബാസ് ഷെരീഫ് പറഞ്ഞു.
നേരത്തെ, ഷഹബാസ് ഷെരീഫ് ഇന്ത്യയുമായുള്ള വെടിനിർത്തൽ കരാറിനെ പ്രശംസിക്കുകയും യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന് നന്ദി പറയുകയും ചെയ്തിരുന്നു. ഇന്ത്യയുമായുള്ള സംഘർഷത്തിനിടെ പിന്തുണ നൽകിയ രാജ്യങ്ങൾക്കും ഷഹബാസ് ഷെരീഫ് നന്ദി പറഞ്ഞു. സിന്ധൂ നദീജല തർക്കം, കശ്മീർ വിഷയം, മറ്റ് തർക്ക വിഷയങ്ങൾ എന്നിവയും വൈകാതെ പരിഹരിക്കപ്പെടണമെന്നും ഷെരീഫ് പറഞ്ഞു.
Most Read| ആഹാ ഇത് കൊള്ളാലോ, വിൽപ്പനക്കെത്തിച്ച കോഴിയെ കണ്ട് കണ്ണുതള്ളി കടയുടമ!