അമൃത്സർ: പഞ്ചാബിൽ വ്യാജമദ്യം കഴിച്ച 15 പേർ മരിച്ചു. അമൃത്സറിലെ മജിത ബ്ളോക്കിൽ ഉൾപ്പെടുന്ന ഗ്രാമങ്ങളിലാണ് മദ്യദുരന്തമുണ്ടായത്. മരിച്ചവരിൽ ഭൂരിഭാഗവും ഭംഗാലി കലൻ, തരൈവാൽ, സംഘ, മാറാരി കലൻ പ്രദേശങ്ങളിൽ നിന്നുള്ളവരാണ്. വ്യാജമദ്യം കഴിച്ച പത്തുപേരുടെ നില ഗുരുതരമാണ്. ഇവരെ അമൃത്സർ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അമൃത്സർ ജില്ലാ കലക്ടർ സാക്ഷി സാഹ്നി ആശുപത്രിയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തുകയും മരണസംഖ്യ സ്ഥിരീകരിക്കുകയും ചെയ്തു. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ പറയുന്നു. ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തതായും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു. ഞായറാഴ്ച വൈകീട്ട് ഒരേ ഉറവിടത്തിൽ നിന്ന് മദ്യം വാങ്ങിയവരാണ് ദുരന്തത്തിന് ഇരകളായത്.
തിങ്കളാഴ്ച രാവിലെ ചിലർ മരിച്ചെങ്കിലും നാട്ടുകാർ പോലീസിനെ അറിയിക്കാതെ മൃതദേഹങ്ങൾ സംസ്കരിക്കുകയായിരുന്നു. തിങ്കളാഴ്ച വൈകിയാണ് മരണങ്ങളെ കുറിച്ച് വിവരം ലഭിച്ചതെന്ന് മജിത എസ്എച്ച്ഒ ആഫ്താബ് സിങ് പറഞ്ഞു. കേസിൽ രണ്ട് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യുകയും പ്രധാന വിതരണക്കാരായ പ്രഭ്ജിത് സിങ്, സാഹിബ് സിങ് എന്നിവരെ രാജാസാൻസിയിൽ നിന്ന് അറസ്റ്റ് ചെയ്യുകയും ചെയ്തു. വിതരണക്കാരിൽ നിന്ന് മദ്യം വാങ്ങി ഗ്രാമങ്ങളിൽ വിതരണം ചെയ്ത നാല് പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
Most Read| ഏറ്റവും ഉയരം കുറവ്; ലോക റെക്കോർഡ് നേടി ബ്രസീലിയൻ ദമ്പതികൾ