കൊച്ചി: തിരുവാങ്കുളത്ത് മൂന്നര വയസുകാരിയെ പുഴയിലെറിഞ്ഞ് കൊന്ന കേസിൽ അമ്മ സന്ധ്യയുടെ അറസ്‌റ്റ് രേഖപ്പെടുത്തി. ആലുവ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്‌തതിന് പിന്നാലെയാണ് അറസ്‌റ്റ്. സന്ധ്യക്കെതിരെ കൊലക്കുറ്റം ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
ഇന്നലെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. മൂന്നരവയസുകാരിയായ മകളെ സന്ധ്യ മൂഴിക്കുളം പാലത്തിന് മുകളിൽ നിന്ന് പുഴയിലേക്കെറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് നിർണായകമായത്. ബസിൽ നിന്നും കാണാതായെന്ന് ആദ്യം മൊഴി നൽകിയെങ്കിലും കുട്ടിയെ ഉപേക്ഷിച്ചതാണെന്ന് പിന്നീട് സന്ധ്യ തിരുത്തി പറയുകയായിരുന്നു.
മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് മൂഴിക്കുളം പാലത്തിനടിയിലെ പുഴയിൽ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കൊലപാതകത്തിന് പിന്നിൽ ഭർതൃവീട്ടിലെ പീഡനമാണോയെന്ന് പോലീസ് അന്വേഷിക്കും. യുവതി മാനസിക വെല്ലുവിളി നേരിടുന്നുണ്ടെന്നും ഒപ്പം കുടുംബ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു.
ഇതിനിടെ, സന്ധ്യക്കെതിരെ ഭർത്താവും മൂത്തമകനും രംഗത്തുവന്നിരുന്നു. സന്ധ്യയുടെ സ്വഭാവത്തിൽ ദുരൂഹതയുള്ളതായി തോന്നിയിട്ടുണ്ട്. സന്ധ്യക്കൊപ്പം പോകരുതെന്ന് കുട്ടികളോട് പറഞ്ഞിരുന്നതാണ്. സന്ധ്യയെ ഉപദ്രവിച്ചിട്ടില്ലെന്നും കുഞ്ഞിനെ കൊല്ലുമെന്ന് കരുതിയില്ലെന്നും ഭർത്താവ് സുബാഷ് പറഞ്ഞു.
തന്നെയും അനുജത്തിയേയും അമ്മ മർദ്ദിക്കാറുണ്ടായിരുന്നുവെന്നും അമ്മയെ തങ്ങൾക്ക് പേടിയായിരുന്നുവെന്നുമാണ് മൂത്ത മകൻ പറഞ്ഞത്. അമ്മ തന്നെയും അനുജത്തിയേയും ടോർച്ചുകൊണ്ട് തലയ്‌ക്കടിച്ചിരുന്നു. ഇതിന് ശേഷം തന്റെ തലയിലും കല്യാണിയുടെ ചെവിക്ക് പിൻഭാഗത്തായും പരിക്കേറ്റു. അമ്മയുടെ വീട്ടിൽ പോലും പോകാൻ ഇഷ്‌ടമല്ലായിരുന്നുവെന്നും മൂത്ത മകൻ പറഞ്ഞു. അതേസമയം, ഐസ്‌ക്രീമിൽ വിഷം കലർത്തി കല്യാണിയെ കൊല്ലാൻ സന്ധ്യ മുമ്പും ശ്രമിച്ചിരുന്നെന്ന വിവരവും പുറത്തുവരുന്നുണ്ട്.
Most Read| ഒരുദിവസം 2000 രൂപ ബജറ്റ്; യുവതി കണ്ടു തീർത്തത് 15 രാജ്യങ്ങൾ!