കണ്ടെയ്‌നറുകൾ കൊല്ലം, ആലപ്പുഴ തീരത്തടിഞ്ഞു; സമീപ വീടുകളിലുള്ളവരെ ഒഴിപ്പിക്കും

ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് കണ്ടെയ്‌നറുകൾ കരുനാഗപ്പള്ളി ചെറിയഴീക്കലിലും നീണ്ടകരയിലും ആലപ്പുഴ വലിയഴീക്കലിലും അടിഞ്ഞത്. എല്ലാ കണ്ടെയ്‌നറുകളും കാലിയാണെന്നാണ് വിവരം.

By Senior Reporter, Malabar News
container
(Image Courtesy: Kerala Kaumudi)
Ajwa Travels

കൊല്ലം: കൊച്ചി തീരത്ത് നിന്ന് 38 നോട്ടിക്കൽ മൈൽ തെക്ക് പടിഞ്ഞാർ അറബിക്കടലിൽ ചെരിഞ്ഞ ചരക്കുക്കപ്പലിൽ ഉണ്ടായിരുന്ന കണ്ടെയ്‌നറുകൾ കൊല്ലം, ആലപ്പുഴ തീരത്തടിഞ്ഞു. ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് കണ്ടെയ്‌നറുകൾ കരുനാഗപ്പള്ളി ചെറിയഴീക്കലിലും നീണ്ടകരയിലും ആലപ്പുഴ വലിയഴീക്കലിലും അടിഞ്ഞത്.

ചെറിയഴീക്കലിൽ ഒരു കണ്ടെയ്‌നറാണ് തീരത്തടിഞ്ഞത്. കടൽഭിത്തിയിൽ ഇടിച്ചുനിൽക്കുന്ന നിലയിലായിരുന്നു. ഇതിന്റെ ഒരുവശം തുറന്നിരുന്നു. ജനവാസ മേഖലയോട് അടുത്താണ് കണ്ടെയ്‌നർ അടിഞ്ഞത്. സമീപത്തെ വീടുകളിൽ നിന്നുള്ളവരോട് മാറാൻ അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. കൊല്ലം കലക്‌ടർ ഉൾപ്പടെയുള്ളവർ സ്‌ഥലത്തുണ്ട്.

നീണ്ടകരയിൽ മൂന്നിടങ്ങളിലായി മൂന്നുവീതം കണ്ടെയ്‌നറുകളാണ് തീരത്തടിഞ്ഞത്. നീണ്ടകര പരിമണം, പരിമണം കടൽത്തീരത്തെ ശിവ ഹോട്ടലിന് സമീപം, നീണ്ടകര ചീലാന്തി ജങ്ഷന് പടിഞ്ഞാറ് എന്നിവിടങ്ങളിലാണ് കണ്ടെയ്‌നറുകൾ അടിഞ്ഞത്. കടൽഭിത്തിയോട് ചേർന്ന് കാണപ്പെട്ട ഇവ തിരമാലകൾ അടിച്ചു തകർന്ന നിലയിലാണ്. ആർആർആർഎഫ് ടീം, പോലീസ്, ഫിഷറീസ്, ദുരന്തനിവാരണ അതോറിറ്റി എന്നിവർ സ്‌ഥലത്തെത്തി.

എല്ലാ കണ്ടെയ്‌നറുകളും കാലിയാണെന്നാണ് വിവരം. ഇന്ന് പുലർച്ചയോടെ പ്രദേശവാസികളാണ് ഇവ തീരത്തടിഞ്ഞ കാര്യം അധികൃതരെ അറിയിച്ചത്. 600ലേറെ കണ്ടെയ്‌നറുകളുമായി വിഴഞ്ഞത്ത് നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെ ശനിയാഴ്‌ച കൊച്ചി പുറങ്കടലിൽ ചെരിഞ്ഞ എംഎസ്‌സി എൽസ 3 എന്ന കപ്പൽ ഞായറാഴ്‌ച പൂർണമായി കടലിൽ മുങ്ങിയിരുന്നു.

സംസ്‌ഥാനത്തിന്റെ തെക്കൻ തീരത്ത് വൻ പാരിസ്‌ഥിതിക ഭീതി ഉയർത്തി ആലപ്പുഴ സ്‌പിൽവേയിൽ നിന്ന് കേവലം 14.6 നോട്ടിക്കൽ മൈൽ (27 കിലോമീറ്റർ) അകലെയാണ് കപ്പൽ മുങ്ങിയത്. മുങ്ങിപ്പോയ 25 കണ്ടെയ്‌നറുകളിലുള്ള കാൽസ്യം കാർബൈഡ് ഉൾപ്പടെയുള്ള ഹാനികരമായ രാസവസ്‌തുക്കളും കപ്പലിൽ നിന്നുണ്ടായ ഇന്ധന ചോർച്ചയുമാണ് കടലിനും തീരത്തിനും ഭീഷണി ഉയർത്തുന്നത്.

73 കാലി കണ്ടെയ്‌നർ ഉൾപ്പടെ കപ്പലിൽ 623 കണ്ടെയ്‌നറുകളാണ് ഉണ്ടായിരുന്നത്. ഇതിൽ 13 എണ്ണത്തിൽ ഹാനികരമായ രാസവസ്‌തുക്കളും 12 എണ്ണത്തിൽ കാൽസ്യം കാർബൈഡുമായിരുന്നു. ടാങ്കുകളിൽ ഊർജോൽപ്പാദനത്തിന് ഉപയോഗിക്കുന്ന ഡീസലും ഫർണസ് ഓയിലും ഉണ്ടായിരുന്നു. കടലിൽ ഏതാണ്ട് 3.7 കിലോമീറ്റർ വീതിയിലും അത്രത്തോളം നീളത്തിലുമുള്ള പ്രദേശമാകെ എണ്ണപ്പാട വ്യാപിച്ചിട്ടുണ്ട്.

ഇൻഫ്രാറെഡ് ക്യാമറകളുടെ സഹായത്തോടെ എണ്ണപ്പാട കണ്ടെത്തി നീക്കാനുള്ള ഊർജിതശ്രമം തീരസേനയുടെ നേതൃത്വത്തിൽ തുടരുകയാണ്. എണ്ണ നശിപ്പിക്കാനുള്ള പൊടി വിമാനത്തിലൂടെ അപകടമേഖലയിൽ തളിക്കുന്നുമുണ്ട്. അതേസമയം, മുങ്ങിയ കപ്പലിൽ നിന്നുള്ള കണ്ടെയ്‌നറുകൾ കരതൊട്ടാൽ കസ്‌റ്റംസ്‌ കസ്‌റ്റഡിയിൽ എടുക്കും.

കാൽസ്യം കാർബൈഡ് ജലവുമായി പ്രതിപ്രവർത്തിച്ച് പെട്ടെന്ന് തീ പിടിക്കുന്ന അസറ്റലിൽ വാതകം സൃഷ്‌ടിക്കുമെന്നതിനാൽ ആരും കണ്ടെയ്‌നറുകൾക്ക് സമീപം പോവുകയോ ഒഴുകി നടക്കുന്ന വസ്‌തുക്കൾ തൊടുകയോ ചെയ്യരുതെന്ന് ശക്‌തമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കണ്ടെയ്‌നറുകളെ നിരീക്ഷിക്കാൻ കസ്‌റ്റംസ്‌ മറൈൻ പ്രിവന്റീവ് യൂണിറ്റുകളിലെ ഉദ്യോഗസ്‌ഥരെ കേരള തീരത്ത് വിന്യസിച്ചു. ഫോൺ: 0484-266422.

Most Read| 9 കോടി വർഷം ചരിത്രമുള്ള അപൂർവ മരം! ഇപ്പോൾ ഉള്ളത് ഇംഗ്ളണ്ടിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE