
നാടിനെ നടുക്കിയ ദുരന്തത്തെ ഓർമപ്പെടുത്തുന്ന നാളുകൾ കൂടിയാണ് മഴക്കാലം ഇപ്പോൾ വയനാട്ടുകാർക്ക്. കഴിഞ്ഞ മഴക്കാലം കൊണ്ടുപോയ ഓർമകളെ ചേർത്തുപിടിച്ച് അതിജീവനത്തിന്റെ പുതിയ പടവുകൾ കയറുകയാണ് ഇവർ. ബെയ്‌ലി കുടകളും ബാഗുകളും നിർമിച്ച് വിപണിയിലെത്തിച്ചാണ് ദുരന്തഭൂമിയിലെ വനിതാ കൂട്ടായ്‌മ മറ്റൊരു ചരിത്രമാകുന്നത്.
ദുരന്തത്തെ അതിജീവിച്ച മുണ്ടക്കൈയിലെ ഒരുകൂട്ടം വനിതകൾ പ്രത്യാശയോടെ ഉയർത്തുന്ന കുടകളും ബാഗുകളുമാണ് ‘ബെയ്‌ലി’ എന്ന ചെറുകിട സംരംഭത്തിലൂടെ അവതരിപ്പിക്കുന്നത്. മുണ്ടക്കൈ- ചൂരൽമല ദുരന്തത്തിൽ ഉറ്റവരെയും ഉടയവരെയും വീടുകളും നഷ്‌ടപ്പെടുകയും പ്രതീക്ഷകൾ അസ്‌തമിക്കുകയും ചെയ്‌തിടത്ത് നിന്നാണ് ഉയർത്തെഴുന്നേൽപ്പിന്റെ ഈ വിജയഗാഥ.
രക്ഷാപ്രവർത്തനത്തിനായി 24 മണിക്കൂർ കൊണ്ട് സൈന്യം നിർമിച്ച ബെയ്‌ലി പാലത്തിന്റെ പേര് തന്നെയാണ് ഈ സംരംഭത്തിനും ഇവർ കടമെടുത്തത്. ദുരന്ത സമയത്ത് മുണ്ടക്കൈ- ചൂരൽമല പ്രദേശങ്ങളെ ബന്ധിപ്പിച്ച് രക്ഷാപ്രവർത്തനം നടത്താനുള്ള ഏക മാർഗമായിരുന്നു ബെയ്‌ലി പാലം.
ചൂരൽമലയിലെ വനിതകൾക്ക് മുൻപിൽ കുട നിർമാണമെന്ന ആശയം ആദ്യമായി മുന്നോട്ടുവെച്ചത് കുടുംബശ്രീ ജില്ലാ മിഷനാണ്. ആശയത്തിന് താൽപര്യം പ്രകടിപ്പിച്ചവർക്കായി കുടുംബശ്രീയുടെ നേതൃത്വത്തിൽ മൂന്ന് ദിവസം കുടനിർമാണത്തിൽ പരിശീലനവും നൽകി. പരിശീലനത്തിലൂടെ ലഭിച്ച അറിവും ചോരാത്ത ആത്‌മധൈര്യവും ബെയ്‌ലി സംരംഭം യാഥാർഥ്യമാക്കാൻ ഇവർക്ക് സഹായമായി.
ജില്ലാ കലക്‌ടർ ഡിആർ മേഘശ്രീ, കുടുംബശ്രീ ജില്ലാ മിഷൻ, സ്വാമിനാഥൻ ഫൗണ്ടേഷൻ എന്നിവയുടെ സംയുക്‌ത ഇടപെടലിലാണ് യൂണിറ്റുകളിലേക്ക് ആവശ്യമായ സഹായങ്ങൾ ഒരുക്കിയത്. കൽപ്പറ്റ എസ്‌കെഎംജെ സ്‌കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച സംസ്‌ഥാന സർക്കാറിന്റെ നാലാം വാർഷികാഘോഷ പരിപാടിയിലാണ് ബെയ്‌ലി ബാഗ് യൂണിറ്റിന് ആദ്യമായി വിപണന സാധ്യത തുറന്നത്.
നിലവിൽ റിപ്പൺ, മേപ്പാടി കേന്ദ്രീകരിച്ച് കുട നിർമാണവും ബാഗ് നിർമാണവും വ്യത്യസ്‌ത യൂണിറ്റുകളിലായി നടക്കുന്നുണ്ട്. കുട നിർമാണ യൂണിറ്റിൽ എട്ടുപേരും ബാഗ് നിർമാണ യൂണിറ്റിൽ 26 പേരുമാണുള്ളത്. കുടുംബശ്രീ ജില്ലാ മിഷനിൽ നിന്ന് അനുവദിച്ച വായ്‌പയും ഇവരുടെ കൈവശമുള്ള തുച്ഛമായ സംഖ്യയും ഉപയോഗിച്ചാണ് സംരംഭം മുന്നോട്ടുപോകുന്നത്. കൂടുതലാളുകൾ പിന്തുണ നൽകിയാൽ മാത്രമാണ് ഉദ്യമം മുന്നോട്ടുകൊണ്ടുപോകാൻ കഴിയുക. ഈ പ്രതീക്ഷയിലാണ് ഇവരുടെ ജീവിതം.
Most Read| കരളും വൃക്കയും പകുത്ത് നൽകിയ അമ്മയ്‌ക്ക് സമ്മാനമായി മകന്റെ ഉന്നതവിജയം







































