”നിങ്ങളുടെ പ്രവൃത്തിയിലൂടെ ആളുകളെ നൻമയിലേക്ക് നയിക്കപ്പെടുന്നെങ്കിൽ അതാണ് നമുക്ക് ജനങ്ങൾക്ക് വേണ്ടി ചെയ്യാവുന്ന ഏറ്റവും വലിയ കാര്യമെന്ന് ഞാൻ വിശ്വസിക്കുന്നു, അതിൽ പ്രായം ഒരു തടസമല്ല”- 72ആംമത് ലോകസുന്ദരി കിരീടം അണിഞ്ഞുകൊണ്ട് തായ്‌ലൻഡ് സുന്ദരി ഒപൽ സുചത പറഞ്ഞ വാക്കുകളാണിത്.
ഈ വാക്കുകൾ പറയുമ്പോൾ ആത്‌മവിശ്വാസത്തിന്റെയും മനോധൈര്യത്തിന്റെയും തിളക്കമുണ്ടായിരുന്നു അവളുടെ കണ്ണുകളിൽ. തായ്‌ലൻഡിന്റെ ആദ്യത്തെ മിസ് വേൾഡ് എന്ന പദവി സ്വന്തമാക്കിയിരിക്കുകയാണ് 21-കാരിയായ ഒപൽ സുചത. മനഃശാസ്‌ത്രത്തിലും നരവംശ ശാസ്‌ത്രത്തിലും താൽപര്യമുള്ള സുചത, നിലവിൽ ഇന്റർനാഷണൽ റിലേഷൻസിൽ ബിരുദ വിദ്യാർഥിയാണ്.
2003 സെപ്‌തംബർ 30ന് തായ്‌ലൻഡിലെ ഫുകേതിലാണ് സുചത ജനിച്ചത്. സുക്‌സ സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തായ്, ചൈനീസ്, ഇംഗ്ളീഷ് ഭാഷകളിൽ പ്രാവീണ്യം നേടിയിരുന്നു. ഉക്കുലേലെ എന്ന സംഗീതോപകരണം വായിക്കുന്നതിലും സുചത കഴിവുതെളിയിച്ചിട്ടുണ്ട്.
സ്‌തനാർബുദം നേരത്തെ കണ്ടെത്തേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് സ്‌ത്രീകൾക്കിടയിൽ അവബോധമുണ്ടാക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ സജീവമാണ് ഒപൽ സുചത. 16ആം വയസിൽ മാറിടത്തിൽ മുഴ കണ്ടെത്തിയതിനെ തുടർന്ന് സുചത ശസ്‌ത്രക്രിയയ്‌ക്ക് വിധേയയായിരുന്നു. സ്വന്തം അനുഭവത്തിൽ നിന്നാണ് സ്‌ത്രീകൾക്കിടയിൽ ആരോഗ്യ സംരക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ച് അവബോധമുണ്ടാക്കുന്നതിനായി സംസാരിക്കാൻ തുടങ്ങിയതെന്ന് സുചത നേരത്തെ പറഞ്ഞിരുന്നു.
സ്‌തനാർബുദം സംബന്ധിച്ച് സ്‌ത്രീകൾക്കിടയിൽ ബോധവൽക്കരണം നടത്തുന്നതിനായി ‘ഒപൽ ഫോർ ഹെർ’ എന്ന പദ്ധതിയും ആവിഷ്‌കരിച്ചു. മിസ് വേൾഡ് പദവി ലഭിച്ചത് ഭാവിയിൽ ഇത്തരം ബോധവൽക്കരണ പരിപാടികളിലൂടെ ജനങ്ങളിൽ കൂടുതൽ സ്വാധീനം ചെലുത്താൻ സാധിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. നമുക്ക് വേണ്ടി ജീവിക്കുന്നതിനൊപ്പം ചുറ്റുമുള്ളവരുടെ ജീവിതം കൂടി മനോഹരമാക്കാൻ സാധിക്കുന്നതാണ് ജീവിതത്തിന്റെ വിജയമെന്ന് വിശ്വസിക്കുന്നതായും സുചത പറഞ്ഞു.
2025 ഏപ്രിൽ 22നാണ് മിസ് തായ്‌ലൻഡായി ഒപൽ സുചതയെ തിരഞ്ഞെടുത്തത്. 2024ലെ മിസ് യൂണിവേഴ്‌സ് മൽസരത്തിലും സുചത തായ്‌ലൻഡിനെ പ്രതിനിധീകരിച്ചിരുന്നു. ഈ മൽസരത്തിൽ തേഡ് റണ്ണറപ്പായിരുന്നു.
Most Read| ഒരുദിവസം 2000 രൂപ ബജറ്റ്; യുവതി കണ്ടു തീർത്തത് 15 രാജ്യങ്ങൾ!





































