ന്യൂഡെൽഹി: സ്‌പേസ് എക്‌സ് ഡ്രാഗൺ പേടകത്തിൽ രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് യാത്ര ചെയ്യുന്ന ആദ്യ ഇന്ത്യൻ യാത്രികനായി ചരിത്രം സൃഷ്‌ടിക്കാൻ ശുഭാംശു ശുക്ള. ഇന്ത്യൻ വ്യോമസേനയുടെ ഗ്രൂപ്പ് ക്യാപ്‌റ്റനും, ഇസ്രോ ബഹിരാകാശ സഞ്ചാരിയുമായ ശുഭാംശു ശുക്ള, ദിവസങ്ങൾക്കകം യാത്ര നടത്തും.
ഒരുക്കങ്ങളുടെ അവസാന ഘട്ടത്തിലെത്തിയ ആക്‌സിയോം-4 പേടകം ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിൽ നിന്ന് ജൂൺ എട്ടിന് കുതിക്കും. ഇന്ത്യൻ സമയം വൈകീട്ട് 6.41ന് മുമ്പാകും ഡ്രാഗൺ ബഹിരാകാശ വാഹനത്തിന്റെ വിക്ഷേപണം. സ്‌പേസ് എക്‌സിന്റെ നാലാമത്തെ സ്വകാര്യ ബഹിരാകാശ ദൗത്യമാണിത്.
ആദ്യമായി ബഹിരാകാശത്തേക്ക് പോയ ഇന്ത്യക്കാരൻ രാകേഷ് ശർമ ആണെങ്കിലും രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് പോകുന്ന ആദ്യ ഇന്ത്യക്കാരൻ, അല്ലെങ്കിൽ ഇസ്രോ അംഗം എന്ന നേട്ടം ഇതോടെ ശുഭാംശു ശുക്ളയുടെ പേരിലാകും. കമാൻഡറായ യുഎസ് ബഹിരാകാശ സഞ്ചാരി പെഗ്ഗി വിറ്റ്‌സണടക്കം മൂന്നുപേർ കൂടി ദൗത്യത്തിന്റെ ഭാഗമാകും.
1985 ഒക്‌ടോബർ പത്തിന് ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ ജനിച്ച ശുഭാംശു ശുക്ള, പൂനെയിലെ നാഷണൽ ഡിഫൻസ് അക്കാദമിയിൽ (എൻഡിഎ) പഠിച്ചു. 2006 ജൂണിൽ ഇന്ത്യൻ വ്യോമസേനയുടെ (ഐഎഎഫ്) യുദ്ധവിമാന വിഭാഗത്തിൽ ചേർന്ന അദ്ദേഹം 2024 മാർച്ചിൽ ഗ്രൂപ്പ് ക്യാപ്റ്റനായി സ്‌ഥാനക്കയറ്റം നേടി. 2019ൽ ഇസ്രോ അദ്ദേഹത്തെ ബഹിരാകാശ യാത്രിക പരിശീലനത്തിനായി തിരഞ്ഞെടുത്തു.
തുടർന്ന് അദ്ദേഹം മോസ്‌കോയിലെ സ്‌റ്റാർ സിറ്റിയിലുള്ള യൂറി ഗഗാറിൻ കോസ്‌മോനട്ട് പരിശീലന കേന്ദ്രത്തിൽ നിന്ന് പരിശീലനം നേടി. 2024 ഫെബ്രുവരിയിൽ, 2026ലേക്ക് ആസൂത്രണം ചെയ്‌ത ഇന്ത്യയുടെ ആദ്യത്തെ മനുഷ്യ ബഹിരാകാശ യാത്രാ പദ്ധതിയായ ഇസ്രോയുടെ ഗഗൻയാൻ ദൗത്യത്തിന്റെ പ്രധാന ബഹിരാകാശ യാത്രികനായി അദ്ദേഹത്തെ തിരഞ്ഞെടുത്തു.
കൃഷി, ഭക്ഷണം, ജീവശാസ്‌ത്രം എന്നീ മേഖലകളിൽ ശുക്ള ഏഴ് പരീക്ഷണങ്ങൾ നടത്തും. ഗഗൻയാൻ, ഭാരതീയ അന്തരീക്ഷ സ്‌റ്റേഷൻ ദൗത്യങ്ങൾക്കുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി ഹ്യൂമൻ സ്‌പേസ് മിഷനുകളിൽ വൈദഗ്‌ധ്യം നേടാനുള്ള അവസരമായി എഐഎസ്ആർ ഈ ദൗത്യത്തെ ഉപയോഗിക്കുന്നു.
Most Read| 16ആം വയസിൽ സ്‌തനാർബുദം, ശസ്‌ത്രക്രിയ; ഒടുവിൽ ലോകസുന്ദരി കിരീടം








































