ബെംഗളൂരു: റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് (ആർസിബി) ഒരുക്കിയ സ്വീകരണ പരിപാടിക്കിടെ തിക്കിലും തിരക്കിലുംപെട്ട് 11 പേർ മരിച്ചു. 50 പേർക്ക് പരിക്കേറ്റെന്നും ഇതിൽ മൂന്നുപേരുടെ നില ഗുരുതരമാണെന്നും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു. മരിച്ചവരിൽ ഒരു സ്‌ത്രീയുമുണ്ട്. പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി.
ബെംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തിൽ ഒരുക്കിയ വിജയാഘോഷ ചടങ്ങിലാണ് ദുരന്തം. പ്രതീക്ഷിച്ചതിലും അധികം ആളുകൾ എത്തിയതാണ് അപകടത്തിനിടയാക്കിയത്. ഐപിഎൽ കിരീടം നേടിയ ആർസിബിക്ക് സർക്കാരും കർണാടക ക്രിക്കറ്റ് അസോസിയേഷനുമാണ് സ്വീകരണം ഒരുക്കിയത്. ആർസിബിയുടെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്‌റ്റേഡിയത്തിൽ ഇന്ന് രാവിലെ മുതൽ സ്‌ത്രീകളും കുട്ടികളുമടക്കം വൻ ജനക്കൂട്ടമാണ് എത്തിയിരുന്നത്.
ടീം ബെംഗളൂരു വിമാനത്താവളത്തിൽ എത്തിയതുമുതൽ ആൾക്കൂട്ടം ഒഴുകിയെത്തി. ഇതാണ് തിക്കിനും തിരക്കിനും കാരണമായത്. സ്‌റ്റേഡിയത്തിന്റെ പ്രവേശന കവാടത്തിലടക്കം തിരക്കിൽപ്പെട്ട് പലരും ബോധരഹിതരായി വീണു. കുട്ടികളെ തിരക്കുള്ള സ്‌ഥലത്തേക്ക് കൊണ്ടുവരരുതെന്ന് പോലീസ് മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും അതൊന്നും പാലിക്കപ്പെട്ടില്ല. 5000 പോലീസുകാരെ വിന്യസിച്ചിരുന്നെങ്കിലും അത് പര്യാപ്‌തമല്ലെന്നാണ് ആരോപണം.
ടീമിന്റെ വിക്‌ടറി പരേഡ് സംബന്ധിച്ചും രാവിലെ മുതൽ ആശയക്കുഴപ്പം ഉണ്ടായിരുന്നു. താരങ്ങളെ തുറന്ന ബസിൽ സ്‌റ്റേഡിയത്തിലേക്ക് എത്തിച്ച് പരേഡ് നടത്തുമെന്ന് കെസിഎ രാവിലെ മാദ്ധ്യമങ്ങളെ അറിയിച്ചിരുന്നു. എന്നാൽ, വൻ ജനക്കൂട്ടമുണ്ടാകുമെന്നും ഇത് തടത്താനാകില്ലെന്നും പോലീസ് പിന്നീട് വാർത്താക്കുറിപ്പിറക്കി. പക്ഷേ, പരേഡ് നടത്താമെന്ന നിലപാടിലായിരുന്നു കെസിബിയും ആർസിബിയും.
സ്‌റ്റേഡിയത്തിൽ ടീമിന്റെ വിജയാഘോഷം നടക്കുന്നതിനിടെ ആയിരുന്നു പുറത്ത് അപകടമുണ്ടായത്. ഇതോടെ ബസിലെ വിക്‌ടറി പരേഡ് വേണ്ടെന്ന് വെയ്‌ക്കുകയായിരുന്നു. അതേസമയം, ബെംഗളൂരുവിലെ ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു. പരിക്കേറ്റവരെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ആശുപത്രിയിലെത്തി സന്ദർശിച്ചു.
Most Read| ഒരുദിവസം 2000 രൂപ ബജറ്റ്; യുവതി കണ്ടു തീർത്തത് 15 രാജ്യങ്ങൾ!