തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവും മുൻ കെപിസിസി അധ്യക്ഷനുമായിരുന്ന തെന്നല ബാലകൃഷ്‌ണ പിള്ള അന്തരിച്ചു. 95 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിൽസയിൽ ആയിരുന്നു.
ഭൗതികദേഹം തിരുവനന്തപുരം നെട്ടയം മുക്കോലയിലെ വസതിയിലേക്ക് കൊണ്ടുപോകും. രണ്ടുതവണ കെപിസിസി അധ്യക്ഷനായി പ്രവർത്തിച്ച തെന്നല ബാലകൃഷ്‌ണ പിള്ള, രണ്ടുതവണ അടൂർ നിയോജക മണ്ഡലത്തിൽ നിന്ന് എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടു. മൂന്നുതവണ കേരളത്തിൽ നിന്നുള്ള രാജ്യസഭാംഗവും ആയിട്ടുണ്ട്.
കൊല്ലം ജില്ലയിലെ ശൂരനാട് സ്വദേശിയാണ്. 1931 മാർച്ച് 11ന് ശൂരനാട് തെന്നല വീട്ടിൽ എൻ ഗോവിന്ദപ്പിള്ളയുടെയും ഈശ്വരിയമ്മയുടെയും പുത്രനായി ജനിച്ചു. തിരുവനന്തപുരം എംജി കോളേജിൽ നിന്ന് ബിഎസ്‌സി നേടി. ശൂരനാട് വാർഡ് കമ്മിറ്റി അംഗമായാണ് രാഷ്‌ട്രീയ പ്രവർത്തനം തുടങ്ങിയത്. ബ്ളോക്ക് കമ്മിറ്റി അധ്യക്ഷനും കൊല്ലം ഡിസിസി ട്രഷററുമായിരുന്ന തെന്നല ബാലകൃഷ്‌ണ പിള്ള, 1972 മുതൽ അഞ്ചുവർഷത്തോളം കൊല്ലം ഡിസിസി അധ്യക്ഷനുമായി പ്രവർത്തിച്ചു.
ദീർഘകാലം കെപിസിസി സെക്രട്ടറിയായിരുന്ന അദ്ദേഹം 1998ലും 2004ലും കെപിസിസി അധ്യക്ഷ പദവിയിലുമെത്തി. ഒരിക്കൽപോലും മൽസരത്തിലൂടെയല്ല അദ്ദേഹം പാർട്ടി സ്‌ഥാനങ്ങളിൽ എത്തിയത്. അടൂർ മണ്ഡലത്തെ പ്രതിനിധീകരിച്ച് 1977ലും 1982ലും നിയമസഭയിലെത്തി. 1967,1980, 1987 വർഷങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ടിരുന്നു.
തുടർന്ന് 1991ലും 1992ലും 2003ലും രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. രാജ്യസഭ അംഗമായിരിക്കെ നദീസംരക്ഷണ അതോറിറ്റി, പെറ്റീഷൻ കമ്മിറ്റി, ദേശീയ ഷിപ്പിങ് ബോർഡ്, റബർ ബോർഡ്, സ്‌പെഷ്യൽ എക്കണോമിക് സോൺ സബ് കമ്മിറ്റി, കമ്മിറ്റി ഓൺ കൊമേഴ്‌സ് തുടങ്ങിയവയിൽ അംഗമായിരുന്നു. കേരള അയ്യപ്പസേവാ സംഘത്തിന്റെ പ്രസിഡണ്ടായും പ്രവർത്തിച്ചു. ഭാര്യ: സതീദേവി. മകൾ: നീത.
Most Read| ‘നാലാം ക്ളാസിലെ അടിക്ക് 62ആം വയസിൽ തിരിച്ചടി’; ഇത് കാസർഗോഡൻ പ്രതികാരം





































