ന്യൂഡെൽഹി: ദേശീയപാതകളിൽ ടോൾ പിരിവിന് പകരം വാർഷിക പാസ് സംവിധാനം പ്രഖ്യാപിച്ച് ഗതാഗതമന്ത്രി നിതിൻ ഗഡ്‌കരി. 3000 രൂപ വിലയുള്ള ഫാസ്‌ടാഗ് അധിഷ്‌ഠിത വാർഷിക പാസാണ് സർക്കാർ അവതരിപ്പിക്കുകയെന്ന് ഗഡ്‌കരി എക്‌സ് പോസ്‌റ്റിൽ പറഞ്ഞു. പദ്ധതി ഓഗസ്‌റ്റ് 15 മുതൽ പ്രാബല്യത്തിൽ വരുമെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്.
ഈ പാസ് സ്വകാര്യ വാഹനങ്ങൾക്കാണ് ഉപയോഗിക്കാനാവുക. വാണിജ്യ വാഹനങ്ങൾക്ക് ബാധകമല്ല. വാർഷിക പാസ് എടുത്ത തീയതി മുതൽ ഒരുവർഷം വരെ, അല്ലെങ്കിൽ 200 യാത്രകൾ വരെ പാസ് ഉപയോഗിക്കാം. ഇതിൽ ആദ്യം വരുന്നതാണ് പരിഗണിക്കുകയെന്നും അദ്ദേഹം പറഞ്ഞു. സംവിധാനം നടപ്പിലാക്കുന്നതോടുകൂടി ടോൾ ബൂത്തുകളിൽ ഇനി കാത്തുനിൽക്കാതെ സുഗമമായ സഞ്ചാരം യാഥാർഥ്യമാകും.
വാർഷിക പാസ് നിലവിൽ വരുന്നതോടെ രാജ്യത്തുടനീളമുള്ള ദേശീയ പാതകളിലൂടെ സുഗമവും ചിലവ് കുറഞ്ഞതുമായ യാത്ര സാധ്യമാകുമെന്നും ആക്റ്റിവേഷനും പാസ് പുതുക്കുന്നതിനുമുള്ള ലിങ്ക് ഉടൻ തന്നെ രാജ്‌മാർഗ് യാത്ര ആപ്പിലും എംഎച്ച്എഐ (നാഷണൽ ഹൈവേസ് അസോസിയേഷൻ ഓഫ് ഇന്ത്യ), റോഡ് ട്രാൻസ്പോർട് ആൻഡ് ഹൈവേസ് മന്ത്രാലയം (MoRTH) എന്നിവയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും ലഭ്യമാക്കുമെന്നും ഗഡ്‌കരി പറഞ്ഞു.
Most Read| 9 കോടി വർഷം ചരിത്രമുള്ള അപൂർവ മരം! ഇപ്പോൾ ഉള്ളത് ഇംഗ്ളണ്ടിൽ