വാൽപ്പാറ: തമിഴ്‌നാട്ടിലെ വാൽപ്പാറയിൽ പുലി പിടിച്ചുകൊണ്ടുപോയ നാലുവയസുകാരിയുടെ മൃതദേഹം കണ്ടെത്തി. സമീപത്തെ തേയില തോട്ടത്തിൽ നിന്നാണ് പാതി ഭക്ഷിച്ച നിലയിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
വാൽപ്പാറ നഗരത്തോട് ചേർന്നുള്ള പച്ചമല എസ്‌റ്റേറ്റിലെ തെക്ക് ഡിവിഷനിൽ തോട്ടം തൊഴിലാളിയായ ജാർഖണ്ഡ് സ്വദേശി മനോജ് കുന്ദയുടെ മകൾ റൂസ്‌നിയെയാണ് വീടിന് മുന്നിൽ കളിച്ചുകൊണ്ടിരിക്കെ പുലി പിടിച്ചത്. തൊട്ടടുത്ത തേയിലത്തോട്ടത്തിൽ നിന്നും പുലി എത്തി കുട്ടിയെ പിടിച്ചു കൊണ്ടുപോവുകയായിരുന്നു. ഇന്നലെ വൈകീട്ട് 4.30നായിരുന്നു സംഭവം.
മറ്റു തൊഴിലാളികളാണ് കുട്ടിയെ പുലി വലിച്ചിഴച്ച് കൊണ്ടുപോകുന്നത് കണ്ടത്. ഇതോടെ തോട്ടത്തിൽ മുഴുവനും തിരഞ്ഞെങ്കിലും കുട്ടിയെ കണ്ടെത്താനായിരുന്നില്ല. പോലീസും വനംവകുപ്പും നാട്ടുകാരും ചേർന്ന് ഇന്ന് തിരച്ചിൽ പുനരാരംഭിച്ചിരുന്നു. പ്രത്യേക പരിശീലനം നേടിയ നായയെയും സ്‌ഥലത്തെത്തിച്ചിരുന്നു. കഴിഞ്ഞ ഞായറാഴ്‌ചയാണ് കുടുംബം ജാർഖണ്ഡിൽ നിന്നും വാൽപ്പാറയിൽ ജോലിക്കെത്തിയത്.
Most Read| ഗാസയിൽ കൂട്ടക്കുരുതി; ഭക്ഷണത്തിന് കാത്തുനിന്നവർക്ക് നേരെ ഇസ്രയേൽ ആക്രമണം, 51 മരണം