ഫ്‌ളോറിഡ: ഇന്ത്യക്ക് അഭിമാന നിമിഷം. വ്യോമസേനാ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ള ഉൾപ്പെട്ട ആക്‌സിയോം-4 ദൗത്യസംഘം രാജ്യാന്തര ബഹിരാകാശ നിലയത്തിൽ പ്രവേശിച്ചു. രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ ഇന്ത്യൻ പൗരനാണ്. യുഎസ് ബഹിരാകാശ സഞ്ചാരി പെഗ്ഗി വിറ്റ്‌സണൻ, സ്ളാവോസ് വിസ്‌നീവ്‌സ്‌കി (പോളണ്ട്), ടിബോർ കാപു (ഹംഗറി) എന്നിവരാണ് സഹയാത്രികർ.
ആക്‌സിയോം ദൗത്യസംഘം രാജ്യാന്തര ബഹിരാകാശ നിലയത്തിൽ ഡോക്കിങ് നടപടികൾ പൂർത്തിയാക്കിയത് ഇന്ത്യൻ സമയം ഇന്ന് വൈകീട്ട് നാലരയോടെയായിരുന്നു. ഡോക്കിങ്ങിന്റെ സോഫ്റ്റ് ക്യാപ്ച്ചർ പൂർത്തിയായശേഷം നിലയവും ഡ്രാഗൺ പേടകവും തമ്മിൽ കൂടിച്ചേർന്നു. ഡോക്കിങ് പ്രക്രിയ പൂർത്തിയായപ്പോൾ ഇരു പേടകങ്ങളിലെയും മർദ്ദവും മറ്റും ഏകീകരിക്കുന്ന ഹാർഡ് ക്യാപ്ച്ചർ പ്രവർത്തനങ്ങൾ നടന്നു.
ഇന്ത്യൻ സമയം ആറുമണിക്ക് യാത്രികർ ഡ്രാഗൺ പേടകത്തിൽ നിന്ന് നിലയത്തിലേക്ക് പ്രവേശിച്ചു. ബഹിരാകാശ നിലയത്തിലുള്ളവർ ഇവരെ സ്വീകരിച്ചു. 28.5 മണിക്കൂർ സഞ്ചരിച്ചാണ് പേടകം രാജ്യാന്തര ബഹിരാകാശ നിലയത്തിൽ എത്തുന്നത്. 14 ദിവസമാണ് സംഘം നിലയത്തിൽ കഴിഞ്ഞ് പരീക്ഷണങ്ങൾ നടത്തുക. ആകെ നടത്തുന്ന 60 പരീക്ഷണങ്ങളിൽ ഏഴെണ്ണം നടത്തുക ശുഭാംശു ശുക്ളയാണ്.
ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിൽ നിന്ന് ബുധനാഴ്‌ച ഇന്ത്യൻ സമയം ഉച്ചയ്‌ക്ക് 12.01നായിരുന്നു ആക്‌സിയോം-4ന്റെ വിക്ഷേപണം. സ്‌പേസ് എക്‌സിന്റെ ഫാൽക്കൺ 9 ബ്ളോക്ക് 5 റോക്കറ്റാണ് നാല് യാത്രികരുമായി കുതിച്ചുയർന്നത്. അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള നാലാമത്തെ സ്വകാര്യ ബഹിരാകാശയാത്രാ ദൗത്യമാണിത്.
Most Read| 9 കോടി വർഷം ചരിത്രമുള്ള അപൂർവ മരം! ഇപ്പോൾ ഉള്ളത് ഇംഗ്ളണ്ടിൽ