തൃശൂർ: പുതുക്കാട് നവജാത ശിശുക്കളെ കൊന്നു കുഴിച്ചിട്ട സംഭവത്തിൽ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. പ്രതികളായ അനീഷ, ഭവിൻ എന്നിവരെ കൂടുതൽ ചോദ്യം ചെയ്യാനായി പോലീസ് ഇന്ന് കസ്റ്റഡിയിൽ വാങ്ങും. നവജാത ശിശുക്കളെ സംസ്കരിച്ചെന്ന് കണ്ടെത്തിയ സ്ഥലങ്ങളിൽ ഫൊറൻസിക് പരിശോധനയും ഇന്ന് നടക്കും.
കൊലപാതകം ബന്ധുക്കളുടെ അറിവോടെ ആയിരുന്നോ എന്നും പോലീസ് പരിശോധിക്കും. രണ്ട് നവജാത ശിശുക്കളെ കൊലപ്പെടുത്തിയത് മാതാവ് അനീഷയാണെന്നാണ് എഫ്ഐആറിൽ പറയുന്നത്. രണ്ട് കുഞ്ഞുങ്ങളെയും ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. 2021 നവംബർ ആറിന് ആദ്യത്തെ കുട്ടിയേയും 2024 ഓഗസ്റ്റ് 29ന് രണ്ടാമത്തെ കുട്ടിയെയും കൊലപ്പെടുത്തി.
കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ ശേഷം നൂലുവള്ളിയിലെ വീടിനോട് ചേർന്നുള്ള പറമ്പിൽ മൃതദേഹങ്ങൾ കുഴിച്ചിട്ടു. എട്ട് മാസങ്ങൾക്ക് ശേഷം മൃതദേഹ അവശിഷ്ടങ്ങൾ പുറത്തെടുക്കുകയും ഭവിന് കൈമാറുകയും ചെയ്തതായും എഫ്ഐആറിൽ പറയുന്നു. യൂട്യൂബ് നോക്കിയാണ് ശുചിമുറിയിൽ പ്രസവിച്ചതെന്നാണ് അനീഷയുടെ മൊഴി.
അവിവാഹിത ആയിരുന്നതിനാൽ വയറിൽ തുണികെട്ടിയാണ് ഗർഭാവസ്ഥ മറച്ചുവെച്ചത്. ഇറുകിയ വസ്ത്രങ്ങൾ ധരിക്കുന്നതും ഒഴിവാക്കി. ലാബ് ടെക്നീഷ്യൻ കോഴ്സ് പഠിച്ചതും അനീഷയ്ക്ക് ഗുണമായെന്ന് പോലീസ് പറയുന്നു. ബക്കറ്റിൽ കൊണ്ടുവന്ന് വീടിന് പിന്നിൽ കുഴിച്ചിട്ടെന്നാണ് അനീഷ പോലീസിനോട് പറഞ്ഞത്. കുഴിവെട്ടാൻ ഉപയോഗിച്ച തൂമ്പ പോലീസിന് കാണിച്ചുകൊടുത്തു.
രണ്ടാമത്തെ തെളിവെടുപ്പിലാണ് അനീഷ ഇക്കാര്യം പോലീസിനോട് പറഞ്ഞത്. പ്രായപൂർത്തിയാകുന്നതിന് മുന്നേ അനീഷ ഗർഭിണിയാണെന്ന് അയൽവാസികൾക്ക് സംശയം ഉണ്ടായിരുന്നു. ഇക്കാര്യം അയൽവാസിയായ ഒരു യുവതി ചോദിച്ചതോടെ, തനിക്കെതിരെ അപവാദ പ്രചാരണം നടത്തുന്നുവെന്ന് ആരോപിച്ച് അനീഷ വെള്ളിക്കുളങ്ങര പോലീസിന് പരാതി നൽകിയിരുന്നു.
ഇതിൽ പോലീസ് മധ്യസ്ഥത വഹിച്ചാണ് പ്രശ്നം പരിഹരിച്ചത്. ഇതിനുശേഷം അയൽവാസികളുമായി അനീഷയുടെ കുടുംബത്തിന് ബന്ധമുണ്ടായിരുന്നില്ല. അനീഷയുടെ അമ്മ സുമതിയും ലോട്ടറി വിൽപ്പനക്കാരനായ സഹോദരൻ അക്ഷയും അധികം സംസാരിക്കാത്ത പ്രകൃതക്കാരാണെന്ന് പ്രദേശവാസികൾ പറയുന്നു.
നവജാത ശിശുക്കളുടേതെന്ന് അവകാശപ്പെട്ട് ഭവിൻ എന്ന യുവാവ് തൃശൂർ പുതുക്കാട് പോലീസ് സ്റ്റേഷനിൽ അസ്ഥികൾ ഹാജരാക്കിയതാണ് കേസിന്റെ തുടക്കം. ജൂൺ 28 രാത്രിയായിരുന്നു ഭവിൻ കുഞ്ഞുങ്ങളുടെ അസ്ഥികളെന്ന് അവകാശപ്പെട്ട് ഒരു ബാഗുമായി സ്റ്റേഷനിൽ എത്തിയത്. തുടർന്ന് ഇയാളെയും അനീഷയെയും പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
Most Read| ജീവന്റെ സാന്നിധ്യം, ഒരുലക്ഷത്തിലധികം വർഷം പഴക്കം; സമുദ്രത്തിനടിയിൽ നിഗൂഢ നഗരം!








































