തിരുവനന്തപുരം: റവാഡ ചന്ദ്രശേഖറിനെ സംസ്‌ഥാനത്തിന്റെ പുതിയ പോലീസ് മേധാവിയായി നിയമിച്ചു. ഇന്ന് രാവിലെ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ആന്ധ്രാപ്രദേശ് വെസ്‌റ്റ് ഗോദാവരി സ്വദേശിയായ റവാഡ ചന്ദ്രശേഖർ, 1991 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്‌ഥനാണ്. കേന്ദ്ര ഡെപ്യൂട്ടേഷനിൽ നിന്നാണ് റവാഡ ചന്ദ്രശേഖർ സംസ്‌ഥാന പോലീസ് മേധാവിയായി എത്തുന്നത്.
ഡിഐജി ആയിരിക്കെയാണ് അദ്ദേഹം കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് പോയത്. ഇന്റലിജൻസ് ബ്യൂറോയുടെ (ഐബി) സ്‌പെഷ്യൽ ഡയറക്‌ടറും ആയിരുന്നു. പട്ടികയിൽ ഒന്നാമനായ നിധിൻ അഗർവാളിനെ മറികടന്നാണ് റവാഡ ചന്ദ്രശേഖറിനെ പോലീസ് മേധാവിയായി നിയമിക്കുന്നത്. നിധിൻ അഗർവാൾ നിലവിൽ സംസ്‌ഥാന റോഡ് സുരക്ഷാ കമ്മീഷണറാണ്. ഡിജിപിമാരിൽ ഏറ്റവും സീനിയറായ നിധിൻ അഗർവാളിനും സാധ്യത കൽപ്പിച്ചിരുന്നു.
പട്ടികയിൽ മൂന്നാമനായ യോഗേഷ് ഗുപ്‌തയ്‌ക്ക് സർക്കാരുമായുള്ള ബന്ധം മോശമായതാണ് തിരിച്ചടിയായത്. സംസ്‌ഥാനത്തിന്റെ 41ആം ഡിജിപിയായാണ് റവാഡ ചന്ദ്രശേഖർ നിയമിതനാകുന്നത്. ഇന്ന് വൈകീട്ടാണ് നിലവിലെ ഡിജിപി എസ് ദർവേഷ് സാഹിബ് സ്‌ഥാനമൊഴിയുന്നത്. നിലവിൽ ഡെൽഹിയിലുള്ള റവാഡ ചന്ദ്രശേഖർ വൈകീട്ടോടെ തിരുവനന്തപുരത്തെത്താൻ ശ്രമിക്കുന്നുണ്ട്.
കേന്ദ്ര അനുമതി ലഭിച്ചാൽ ഉച്ചയ്‌ക്ക് ശേഷമുള്ള വിമാനത്തിൽ അദ്ദേഹം തിരുവനന്തപുരത്തേക്ക് തിരിക്കും. ഇല്ലെങ്കിൽ നാളെയോ മറ്റന്നാളോ ആകും റവാഡ ചന്ദ്രശേഖർ ചുമതലയേറ്റെടുക്കുക. ഔദ്യോഗിക തീരുമാനം ഇന്നാണ് പുറത്തുവന്നതെങ്കിലും ശനിയാഴ്‌ച വൈകീട്ടോടെ സംസ്‌ഥാന സർക്കാരിന്റെ അറിയിപ്പ് റവാഡ ചന്ദ്രശേഖറിന് ലഭിച്ചിരുന്നു. രണ്ടാഴ്‌ച മുൻപ് അദ്ദേഹം തിരുവനന്തപുരത്ത് എത്തി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു.
2008ലാണ് റവാഡ ചന്ദ്രശേഖർ കേന്ദ്ര സർവീസിലേക്ക് മടങ്ങിയത്. കേന്ദ്രത്തിൽ ആയിരിക്കുമ്പോഴും സംസ്‌ഥാനത്തെ പോലീസ് ഉദ്യോഗസ്‌ഥരുമായി റവാഡ ചന്ദ്രശേഖർ ബന്ധം പുലർത്തിയിരുന്നു. 2006 ജൂലൈ അവസാനം വരെയാണ് റവാഡ ചന്ദ്രശേഖറിന് സർവീസ്. എന്നാൽ, സുപ്രീം കോടതി ഉത്തരവ് അനുസരിച്ച് ഒരുവർഷം കൂടി അദ്ദേഹത്തിന് സർവീസ് കാലാവധി നീട്ടി നൽകാനാകും.
Most Read| ഒരുദിവസം 2000 രൂപ ബജറ്റ്; യുവതി കണ്ടു തീർത്തത് 15 രാജ്യങ്ങൾ!