വാഷിങ്ടൻ: ഇന്തോ-പസഫിക് മേഖലയിൽ യുഎസിന്റെ തന്ത്രപ്രധാന പങ്കാളിയാണ് ഇന്ത്യയെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ്. ഇന്ത്യ-യുഎസ് വ്യാപാരക്കരാർ അവസാന ഘട്ടത്തിലാണെന്നും ഇരുരാജ്യങ്ങളും കരാറിൽ ഉടൻ ഒപ്പുവയ്‌ക്കുമെന്നും ലെവിറ്റ് വാർത്താ സമ്മേളനത്തിൽ വ്യക്‌തമാക്കി.
”ഇന്ത്യയും യുഎസും വ്യാപാരക്കരാറിൽ ഒപ്പുവയ്‌ക്കുന്നതിന്റെ വളരെ അടുത്തെത്തിയിട്ടുണ്ടെന്ന് കഴിഞ്ഞയാഴ്‌ച പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് പറഞ്ഞിരുന്നു. അത് ശരിയാണ്. ഇതേക്കുറിച്ച് ഞാൻ ഇപ്പോൾ വാണിജ്യ സെക്രട്ടറിയോട് സംസാരിച്ചിട്ടേയുള്ളൂ. അദ്ദേഹം ഓവർ ഓഫീസിൽ പ്രസിഡണ്ടിന് ഒപ്പമുണ്ടായിരുന്ന ആളാണ്. അവർ കരാറിന്റെ അവസാന രൂപം തീരുമാനിക്കുകയാണ്. ഇന്ത്യയുമായുള്ള കരാറിനെക്കുറിച്ച് പ്രസിഡണ്ടിൽ നിന്നും അദ്ദേഹത്തിന്റെ സംഘത്തിൽ നിന്നും ഉടൻ തീരുമാനം അറിയാനാകും”- കരോലിൻ പറഞ്ഞു.
ഇന്തോ- പസഫിക്കിൽ ഇന്ത്യ ഇപ്പോഴും തന്ത്രപ്രധാന പങ്കാളിയായി തുടരുന്നുണ്ടെന്നും മേഖലയിലെ ചൈനീസ് സ്വാധീനത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി കരോലിൻ പറഞ്ഞു. ട്രംപിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വളരെ മികച്ച സൗഹൃദമാണുള്ളത്. അത് തുടരുമെന്നും കരോലിൻ കൂട്ടിച്ചേർത്തു. ക്വാഡ് രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിനായി വിദേശകാര്യമന്ത്രി എസ് ജയശങ്കർ യുഎസിലെത്തുന്നതിന് മുമ്പായാണ് കരോലിന്റെ വാക്കുകൾ.
Most Read| ആയമ്പാറയിൽ ഓരില ചെന്താമര വിരിഞ്ഞത് നാട്ടുകാർക്ക് കൗതുകമായി