പാലക്കാട്: സംസ്‌ഥാനത്ത് വീണ്ടും നിപ സ്‌ഥിരീകരിച്ചു. നിപ ലക്ഷണങ്ങളോടെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച പാലക്കാട് നാട്ടുകൽ സ്വദേശിനിയായ യുവതിക്കാണ് രോഗം സ്‌ഥിരീകരിച്ചത്. പൂണെ വൈറോളജി ലാബിലേക്ക് അയച്ച ഫലം പോസിറ്റീവ് ആയി. കോഴിക്കോട് ബയോളജി ലാബിൽ നടത്തിയ പ്രാഥമിക പരിശോധനയിലും നിപ പോസിറ്റീവ് ആയിരുന്നു.
യുവതിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. രോഗിയുമായി സമ്പർക്കമുള്ളവരോട് നിരീക്ഷണത്തിൽ കഴിയാൻ ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. നൂറിലേറെ പേർ സമ്പർക്കപ്പട്ടികയിൽ ഉള്ളതായാണ് വിവരം. രോഗത്തിന്റെ ഉറവിടം വ്യക്‌തമല്ല. അതേസമയം, മേഖലയിൽ നിയന്ത്രണം ഏർപ്പെടുത്തി. നാട്ടുകൽ കിഴക്കുംപുറം മേഖലയിലെ മൂന്ന് കിലോമീറ്റർ പരിധി കണ്ടെയ്‌ൻമെന്റ് സോണായി പ്രഖ്യാപിച്ചു.
നിപ സാഹചര്യത്തിൽ പാലക്കാട് തച്ചനാട്ടുകരയിലെയും കരിമ്പുഴയിലെയും ചില വാർഡുകളെ നേരത്തെ കണ്ടെയ്‌ൻമെന്റ് സോണായി പ്രഖ്യാപിച്ചിരുന്നു. തച്ചനാട്ടുകര ഗ്രാമപഞ്ചായത്തിലെ 7,8,9,11 വാർഡുകളും കരിമ്പുഴ പഞ്ചായത്തിലെ 17, 18 വാർഡുകളുമാണ് കണ്ടെയ്‌ൻമെന്റ് സോണായി പ്രഖ്യാപിച്ചത്.
അതിനിടെ, കോഴിക്കോട് മസ്‌തിഷ്‌ക മരണം സംഭവിച്ച പെൺകുട്ടിക്കും പ്രാഥമിക പരിശോധനയിൽ നിപ സ്‌ഥിരീകരിച്ചിട്ടുണ്ട്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്‌റ്റുമോർട്ടം ചെയ്‌ത മലപ്പുറം മങ്കട സ്വദേശിനിക്കാണ് നിപ കണ്ടെത്തിയത്. സ്‌ഥിരീകരണത്തിനായി സാമ്പിൾ പൂണെ വൈറോളജി ലാബിലേക്ക് അയച്ചിട്ടുണ്ട്. ഈ മാസം ഒന്നിനാണ് 18 വയസുകാരി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വെച്ച് മരിച്ചത്. കോഴിക്കോട്ട് എത്തുമ്പോൾ മസ്‌തിഷ്‌ക മരണം സംഭവിച്ച നിലയിലായിരുന്നു.
രണ്ട് നിപ കേസുകളുമായി ബന്ധപ്പെട്ട് കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം നൽകിയതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. മൂന്ന് ജില്ലകളിൽ ഒരേസമയം പ്രതിരോധ പ്രവർത്തനം നടത്താൻ നിർദ്ദേശം നൽകി. 26 കമ്മിറ്റികൾ വീതം മൂന്ന് ജില്ലകളിൽ രുപീകരിച്ചു. സമ്പർക്കപ്പട്ടിക തയ്യാറാക്കുന്നതിന് പോലീസിന്റെ കൂടി സഹായം തേടും. സ്‌റ്റേറ്റ് ഹെൽപ്പ് ലൈനും ജില്ലാ ഹെൽപ്പ് ലൈനും ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
Most Read| കളഞ്ഞുകിട്ടിയ സ്വർണാഭരണം ഉടമയ്‌ക്ക് തിരിച്ചുനൽകി; മാതൃകയായി യുവാക്കൾ








































