കൊച്ചി: വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് ഇരയായവരുടെ വായ്‌പ എഴുതിത്തള്ളുന്നതുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കാൻ വീണ്ടും സമയം ചോദിച്ച് കേന്ദ്ര സർക്കാർ. മന്ത്രാലയങ്ങൾ തമ്മിൽ വിഷയത്തിൽ ചർച്ചകൾ നടക്കുകയാണെന്നും രണ്ടാഴ്‌ചയ്‌ക്കുള്ളിൽ തീരുമാനം അറിയിക്കാമെന്നും കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.
നേരത്തെ, ബാങ്ക് വായ്‌പ എഴുതിത്തള്ളുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനെതിരെ ഹൈക്കോടതി രൂക്ഷ വിമർശനം നടത്തിയിരുന്നു. ദുരന്തബാധിതരുടെ വായ്‌പകൾ എഴുതിത്തള്ളാൻ ദേശീയ ദുരന്തനിവാരണ അതോറിറ്റിക്ക് അധികാരം നൽകുന്ന 13ആം വകുപ്പ്, ദുരന്തനിവാരണ നിയമത്തിൽ നിന്ന് ഒഴിവാക്കിയതായി കേന്ദ്ര സർക്കാർ അറിയിച്ചതിനെ തുടർന്നായിരുന്നു വിമർശനം.
അതോറിറ്റിയിൽ നിന്ന് നിയമാധികാരം എടുത്തുമാറ്റിയെങ്കിലും കേന്ദ്ര സർക്കാരിന് അധികാരമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഇക്കാര്യത്തിൽ തീരുമാനം അറിയിക്കാൻ കോടതി നിർദേശിച്ചിരുന്നത്. തുടർന്നാണ്, ഇന്ന് കേസ് പരിഗണിച്ചപ്പോൾ കോടതി ഇക്കാര്യം ആരാഞ്ഞത്. ചർച്ചകൾക്കായി മൂന്നാഴ്‌ച കൂടി സമയം വേണമെന്ന് അഡീഷണൽ സോളോസിറ്റർ ജനറൽ എആർഎൽ സുന്ദരേശൻ കോടതിയോട് ആവശ്യപ്പെട്ടു.
ഇനിയും സമയം വേണോ എന്ന് കോടതി തിരികെ ആരാഞ്ഞതോടെ രണ്ട് ആഴ്‌ചയെങ്കിലും സമയം അനുവദിക്കണമെന്നും താൻ ഇക്കാര്യം വേഗത്തിലാക്കാൻ ശ്രമിക്കുന്നുണ്ടെന്നും അഭിഭാഷകൻ അറിയിച്ചു. തുടർന്നാണ് രണ്ടാഴ്‌ച കൂടി സമയം അനുവദിച്ചത്. അതേസമയം, പുനരധിവാസം സംബന്ധിച്ച് നടക്കുന്ന പ്രവർത്തനങ്ങൾ സംസ്‌ഥാന സർക്കാർ കോടതിയെ അറിയിച്ചു.
സംസ്‌ഥാന ദുരന്തനിവാരണ സമിതി ഇതിന്റെ ചിത്രങ്ങളും വീഡിയോയും കോടതിയിൽ സമർപ്പിക്കുകയും ചെയ്‌തു. സംസ്‌ഥാന ദുരന്ത പ്രതികരണ നിധിയിലുള്ള 120 കോടി രൂപ പുനരധിവാസ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കാൻ അനുവദിക്കണമെന്ന് അമിക്കസ് ക്യൂറി കോടതിയെ അറിയിച്ചു. ഇക്കാര്യം അനുവദിച്ച കോടതി, രണ്ടാഴ്‌ചയ്‌ക്കുള്ളിൽ കേസ് പരിഗണിക്കുമ്പോൾ റിപ്പോർട് സമർപ്പിക്കാനും നിർദ്ദേശിച്ചു. ജസ്‌റ്റിസുമാരായ എകെ ജയശങ്കരൻ നമ്പ്യാർ, പിഎം മനോജ് എന്നിവരുടെ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
Most Read| ആയമ്പാറയിൽ ഓരില ചെന്താമര വിരിഞ്ഞത് നാട്ടുകാർക്ക് കൗതുകമായി