നാഗ്‌പുർ: ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന്റെ പ്രായപരിധി സംബന്ധിച്ച പരാമർശം വിവാദത്തിൽ. 75 വയസായാൽ വിരമിക്കണമെന്ന് ഓർമിപ്പിച്ചുകൊണ്ട്, പ്രായമെത്തിയാൽ സന്തോഷത്തോടെ വഴിമാറണമെന്നാണ് മോഹൻ ഭഗവത് പറഞ്ഞത്.
ആർഎസ്എസ് മേധാവിയുടെ പരാമർശം പ്രധാനമന്ത്രിക്കുള്ള സന്ദേശമാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മോഹൻ ഭാഗവതിനും സെപ്‌തംബറിലാണ് 75 വയസ് തികയുന്നത്. അന്തരിച്ച ആർഎസ്എസ് സൈദ്ധാന്തികൻ മോറോപന്ത് പിംഗ്ളെയുടെ പുസ്‌തക പ്രകാശന ചടങ്ങിൽ സംസാരിക്കവേ ആയിരുന്നു മോഹൻ ഭാഗവതിന്റെ പരാമർശം.
എൽകെ അദ്വാനി, മുരളി മനോഹർ ജോഷി, ജസ്വന്ത് സിങ് തുടങ്ങിയ നേതാക്കളെയല്ലാം 75 വയസ് തികഞ്ഞപ്പോൾ മോദി വിരമിക്കാൻ നിർബന്ധിച്ചു. ഇപ്പോൾ അദ്ദേഹം അതേ നിയമം സ്വന്തം കാര്യത്തിൽ ബാധകമാക്കുമോ എന്ന് നോക്കാമെന്നായിരുന്നു ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ് സഞ്‌ജയ് റാവുത്തിന്റെ പ്രതികരണം.
മാർച്ചിൽ നാഗ്‌പുരിലെ ആർഎസ്എസ് ആസ്‌ഥാനത്തേക്ക് മോദി നടത്തിയ സന്ദർശനം തന്റെ വിരമിക്കൽ സാധ്യതയെക്കുറിച്ചു ചർച്ച ചെയ്യാനായിരുന്നുവെന്ന് സഞ്‌ജയ് റാവുത്ത് നേരത്തെ അവകാശപ്പെട്ടിരുന്നു. എന്നാൽ, സന്ദർശനത്തിന് അത്തരമൊരു കാര്യവുമായി ബന്ധമില്ലെന്നായിരുന്നു ബിജെപിയുടെ മറുപടി.
Most Read| തറയ്‌ക്കടിയിൽ നിന്ന് രക്‌തസമാന ദ്രാവകം പരന്നൊഴുകി; അമ്പരന്ന് നാട്ടുകാർ!