കോഴിക്കോട്: യെമനിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവെച്ചു. ‘സേവ് നിമിഷപ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിൽ’ എന്ന സംഘടനയാണ് ഇക്കാര്യം അറിയിച്ചത്. നിമിഷപ്രിയയുടെ മോചനത്തിനായി ശ്രമിക്കുന്ന സംഘടനയാണിത്. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവും ഇക്കാര്യം സ്‌ഥിരീകരിച്ചിട്ടുണ്ട്.
ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാരുടെ ഇടപെടലിനെ തുടർന്നുണ്ടായ ചർച്ചകളാണ് ഫലം കണ്ടത്. യെമനിൽ ഇന്നും ചർച്ചകൾ നടന്നിരുന്നു. കൊല്ലപ്പെട്ട യെമൻ പൗരൻ തലാലിന്റെ കുടുംബവുമായി മധ്യസ്‌ഥ ചർച്ചകളാണ് ഇന്ന് നടന്നത്. ഇതിന്റെ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. നാളെ വധശിക്ഷ നടപ്പാക്കുമെന്നായിരുന്നു നേരത്തെയുള്ള അറിയിപ്പ്.
സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തിയെന്നും യെമനിലെ ജയിൽ അധികൃതരുമായി ഇന്ത്യൻ ഉദ്യോഗസ്‌ഥർ സംസാരിച്ചെന്നും കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു. കൊല്ലപ്പെട്ട തലാലിന്റെ അടുത്ത ബന്ധുവും ഹുദൈദ സ്‌റ്റേറ്റ് കോടതി ചീഫ് ജസ്‌റ്റിസും സർക്കാർ പ്രതിനിധികളും ഇന്നലെ ചർച്ചയിൽ പങ്കെടുത്തിരുന്നു. യെമനിലെ സൂഫി പണ്ഡിതൻ ഷെയ്ഖ് ഹബീബ് ഉമറിന്റെ ഇടപെടലുകളാണ് നിർണായകമായത്.
യെമനിലെ പ്രസിദ്ധ മതപണ്ഡിതനായ ഷെയ്ഖ് ഹബീബിന് കാന്തപുരവുമായി അടുത്ത ബന്ധമുണ്ട്. മർക്കസ് നോളജ് സിറ്റിയുടെ ഉൽഘാടനത്തിന് അദ്ദേഹം കേരളത്തിൽ വന്നിരുന്നു. തലാലിന്റെ കുടുംബത്തെ അനുനയിപ്പിക്കുന്നതോടൊപ്പം അറ്റോർണി ജനറലുമായി കൂടിക്കാഴ്‌ച നടത്തി, നാളെ നടത്താൻ നിശ്‌ചയിച്ച നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കാനുള്ള അടിയന്തിര ഇടപെടലുകളാണ് ഉണ്ടായത്.
കാന്തപുരത്തിന്റെ ഇടപെടലാണ് തലാലിന്റെ കുടുംബവുമായുള്ള ആശയവിനിമയം സാധ്യമായത്. ഷെയ്ഖ് ഹബീബ് ഉമറിന്റെ നിർദ്ദേശമാണ് കുടുംബത്തെ പുനരാലോചനയിലേക്ക് എത്തിച്ചത്. അദ്ദേഹത്തിന്റെ നിർദ്ദേശം അംഗീകരിച്ചാണ് കുടുംബം ചർച്ചയിൽ പങ്കെടുത്തത്. ദയാധനം നൽകി വധശിക്ഷ ഒഴിവാക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
Most Read| കീം; സർക്കാർ അപ്പീൽ നൽകുന്നുണ്ടോയെന്ന് അറിയിക്കണമെന്ന് സുപ്രീം കോടതി